'തീരദേശ ജനതയെ അവഗണിക്കുന്നു'; ബോട്ടുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് ഉപരോധം, സംഘര്‍ഷം

സര്‍ക്കാര്‍ തീരദേശ ജനതയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംഘര്‍ഷം.വള്ളങ്ങളും ബോട്ടുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പേട്ടയില്‍ തിരുവനന്തപുരം ബൈപ്പാസ് റോഡ് ഉപരോധിച്ചു. ബോട്ടുകളുമായി എത്തിയ വാഹനം കടത്തിവിടാതെ ഒരു വാഹനവും കടത്തിവിടില്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതേ തുടര്‍ന്ന് ഗതാഗതം കുരുക്കുണ്ടായി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് മത്സ്യത്തൊഴിലാളികളുടെ വാഹനം കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമാണ് തീരദേശ മേഖല മുഴുവനായി കടല്‍വിഴുങ്ങുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് ദിവസമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്.

കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം എന്നതാണ് പ്രധാന ആവശ്യം. 2018 മുതല്‍ മൂന്നൂറോളം കുടുംബങ്ങള്‍ ഫുഡ് കോര്‍പറേഷന്റെ ക്യാമ്പിലും സ്‌കൂള്‍ വരാന്തയിലുമാണ് കഴിയുന്നത്. ഭരണസിരാകേന്ദ്രത്തില്‍നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറഞ്ഞു.