'അടുത്ത മഴയ്ക്ക് മുൻപ് എല്ലാവർക്കും വീട്'; വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

അടുത്ത മഴയ്ക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ എല്ലാവർക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിന് മുൻപായി ടൗൺഷിപ്പിലെ നിർമാണം പൂർത്തിയായ വീട് മുഖ്യമന്ത്രി സന്ദർശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്.. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Read more