'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു. മാർച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായതോടെയാണ് പ്രതി ചേർത്ത് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയത്. ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തിട്ടുണ്ട്.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ ഇത് ആർ. ശ്രീലേഖ ഏറ്റുവിളിച്ചതാണ് വിവാദമായത്.

വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്ത് അടക്കമുള്ളവരാണ് ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയെ കേസിൽ പ്രതി ചേർത്തത്. കേസിൽ ആദ്യ ഘട്ടത്തിൽ അഞ്ചു പ്രതികൾ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ടാലറിയുന്ന 50 പേർക്കുമെതിരെയും കേസെടുത്തു. ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ ശ്രീലേഖയെ അഞ്ചാം പ്രതിയാക്കിയും ആശാനാഥിനെ ആറാം പ്രതിയാക്കിയുമാണ് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ ദിവസം മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി ആർ ശ്രീലേഖ രംഗത്തുവന്നിരുന്നു. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.