'നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ കഴിയുമോ'; സി.പി.ഐ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്ന് കാനം

സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ സ്വാഭാവികം മാത്രമാണ്. നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

മുഖ്യമന്ത്രിക്ക് ഇടത് മുഖമില്ലെന്നും ഇടതു സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിര്‍ത്തണം. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും സമ്മേളനത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളിലെ ദുര്‍ബലമായ നിലപാടുകള്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗത്വം കൂടാത്തതില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വീഴ്ചയുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകള്‍ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികള്‍ തയ്യാറാകണമെന്നും ആയിരുന്നു  റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.