'ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി'; വെല്ലുവിളിച്ചാല്‍ പേര് പറയും; എ.കെ ബാലന്‍

മന്ത്രിമാരുടെ വിദേശയാത്രയില്‍ എന്താണ് തെറ്റെന്ന് എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 23 തവണ വിേദശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയെന്നും വെല്ലുവിളിച്ചാല്‍ പേരുകള്‍ പറയുമെന്നും എ.കെ. ബാലന്‍ പറഞ്ഞു.

ലോക കേരളസഭ മേഖലാ സമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോടാണ് ബാലന്റെ പ്രതികരണം.

അതേസമയം, നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിയതില്‍ ദുരൂഹതയുണ്ട് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകള്‍ കൊണ്ട് കേരളത്തിനുണ്ടായ നേട്ടം എന്താണെന്ന് സി.പി.എം. വിശദീകരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടു. യാത്രയില്‍ ഒക്കെ മുഖ്യമന്ത്രി കുടുംബാംഗങ്ങളേയും കൊണ്ടു പോകുകയാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എത്ര കോടികള്‍ ചിലവഴിച്ചു എന്ന് സി.പി.എം. സെക്രട്ടേറിയറ്റ് ജനങ്ങളോട് കണക്കുപറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.