കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് 3 മരണം; 3 പേര്‍ക്ക് പരിക്ക്

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് മൂന്ന് മരണം. ബീച്ചിനു സമീപം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണാണ് മൂന്ന് തൊഴിലാളികള്‍ മരിച്ചത്. 3 തൊഴിലാളികള്‍ക്കു പരുക്കേറ്റു. സ്ലാബിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്‌സും തൊഴിലാളികളും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

കിണാശേരി സ്വദേശി അഷ്റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ എന്നിവരാണ് മരിച്ചത്. രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണത്. സ്ലാബിനടിയില്‍ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുന്‍പ് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. അരിപ്പൊടി ഉള്‍പ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവര്‍ത്തിക്കുന്നത്.

വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് കാറില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കൂടിയെത്തി നടത്തിയ പരിശ്രമത്തിന് ഒടുവില്‍ ഒരാളെ കൂടി പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അപകടസാധ്യത ഒഴിവാക്കാന്‍, കെട്ടിടഭാഗങ്ങള്‍ നീക്കുന്നത് വരെ പരിസരം പൊലീസ് വടം കെട്ടി തിരിച്ചു.

Read more

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദേശം ചില വ്യാപാരികള്‍ അവഗണിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.