പതിനേഴുകാരന് പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്ക്; പാലാ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല; റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപനാണ് കോട്ടയം പാലാ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി പരാതി ഉന്നയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെരുമ്പാവൂരിലെ വീട്ടില്‍ നിന്ന് രാവിലെ സുഹൃത്തിനെ വിളിക്കാന്‍ കാറുമായി പോയതായിരുന്നു പാര്‍ത്ഥിപന്‍. പാലാ ജംഗ്ഷനിലെത്തിയപ്പോള്‍ പൊലീസ് വാഹനത്തിന് കൈകാണിച്ചു. എന്നാല്‍ താന്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് പാര്‍ത്ഥിപന്റെ വാദം.

തുടര്‍ന്ന് പിന്നാലെ എത്തിയ പൊലീസ് വാഹനം തടഞ്ഞ് നിറുത്തിയതായും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചതായുമാണ് പരാതി. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ആരോപണം കള്ളമാണെന്നാണ് പൊലീസിന്റെ വാദം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പാര്‍ത്ഥിപനെ പിടികൂടിയതെന്നും മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.

പാര്‍ത്ഥിപന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇന്ന് തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.