ഉത്സവ സീസണില്‍ കേരളം പൂട്ടാതിരിക്കാന്‍ കേന്ദ്രത്തിന്റെ അധിക സഹായം; 1404 കോടി രൂപ അനുവദിച്ചു; സാമൂഹ്യ പെന്‍ഷന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം

ഉത്സവ സീസണില്‍ ട്രഷറി പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1404 കോടി രൂപ കേരളത്തിന് അനുവദിച്ചു. അധിക നികുതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിന് തുക കൈമാറിയിരിക്കുന്നത്.

പ്രതിമാസ നികുതി വിഹിതം കേരളത്തിന് ഡിസംബര്‍ 11ന് നല്‍കിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോള്‍ പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കുമായിട്ടാണ് തുക വിനിയോഗിക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്സവ സീസണില്‍ കേരളത്തില്‍ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് അടിയന്തിരമായി തുക അനുവദിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 72,961.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 24ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് 72,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കേരളത്തിന് നിലവില്‍ കിട്ടാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തോടൊപ്പം 1404 കോടി രൂപ കൂടി അധിക വിഹിതമായി ലഭിക്കും. ഉത്തര്‍പ്രദേശിനാണ് ഏറ്റവും കൂടുതല്‍ നികുതി വിഹിതം അനുവദിച്ചത്. 13,088 കോടി രൂപയാണ് യുപിക്ക് അനുവദിച്ചത്.