ഇന്ത്യ പോളിംഗ് ബൂത്തില്‍: രണ്ടാം ഘട്ടത്തില്‍ 88 സീറ്റുകള്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും ത്രിപുരയിലും റെക്കോഡ് പോളിംഗ്; കുറവ് മഹാരാഷ്ട്രയില്‍

ഏഴ് ഘട്ടമായി നടക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യ പോളിംഗ് ബൂത്തില്‍. 88 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 20 സീറ്റിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മറ്റ് 11 സംസ്ഥാനങ്ങളും 1 കേന്ദ്രഭരണ പ്രദേശത്തിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. നേരത്തെ 89 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26 ന് വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ബേതുളില്‍ ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയുടെ (ബിഎസ്പി) സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. ഇവിടെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കില്ലെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതോടെയാണ് 88 സീറ്റുകളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് ചുരുങ്ങിയത്.

രാവിലെ 9 മണിവരെ കനത്ത പോളിംഗാണ് മിക്ക സംസ്്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. ബംഗാളിലും ത്രിപുരയിലും റെക്കോര്‍ഡ് പോളിംഗും രേഖപ്പെടുത്തി. ത്രിപുരയില്‍ 16.97 ശതമാനമാണ് പോളിംഗ്. പശ്ചിമ ബംഗാളില്‍ 9 മണിവരെ 15.68% പോളിംഗും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം മഹാരാഷ്ട്രയിലെ എട്ടു സീറ്റുകളിലാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം രാവിലെ 9 മണിവരെ ഇങ്ങനെയാണ്.

കർണാടക       - 9.21%
പശ്ചിമ ബംഗാൾ - 15.68%
അസം           - 9.71%
യുപി            - 11.67%
ഛത്തീസ്ഗഡ്     - 15.42%
എംപി           - 13.82%
രാജസ്ഥാൻ      - 11.77%
കേരളം          - 11.98%
ത്രിപുര          - 16.97%
ജമ്മു കശ്മീർ     - 10.39%
ബീഹാർ        - 9.84%
മഹാരാഷ്ട്ര     - 7.45%
മണിപ്പൂർ        - 15.49%

ആകെ 1,210 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് മത്സരരംഗത്തുള്ളത്. രണ്ടാംഘട്ടത്തില്‍ ബിഎസ്പിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. 74 സ്ഥാനാര്‍ത്ഥികളാണ് 88 സീറ്റുകളില്‍ മല്‍സരം നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ബിഎസ്പിയ്ക്കായി രംഗത്തുള്ളത്. ബിജെപിയ്ക്കാവട്ടെ 69 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന്റെ 68 സ്ഥാനാര്‍ത്ഥികളും മല്‍സരരംഗത്തുണ്ട്.

8.08 കോടി പുരുഷന്മാരും 7.8 കോടി സ്ത്രീകളും രണ്ടാംഘട്ടത്തില്‍ വോട്ടര്‍മാരാണ്. 5,929 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടവകാശം വിനിയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ ഭാഗധേയം നിര്‍ണയിക്കുക.