കൂട്ടിക്കൽ: അവശേഷിക്കുന്നതെന്ത് നേടിയതാര്

പ്രിയ പി ശ്രീനിവാസൻ

“പത്തറുപത് വയസ്സിനിടയ്ക്ക് ഇമ്മാതിരി മലവെള്ളപ്പാച്ചിൽ കണ്ടിട്ടില്ല. വീടടക്കം നഷ്ടമായതെല്ലാം തിരിച്ചു പിടിക്കണം” തീരാ നഷ്ടങ്ങളുടെ കണ്ണുനീർച്ചാലുകൾ ക്കിടയിലൂടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. കൂട്ടിക്കൽ പുത്തൻപുരയ്ക്ക്ൽ സലീമിന് 2021 ഒക്ടോബർ 16-ാം തീയതി ഉച്ചയോടു കൂടി ഉണ്ടായ കനത്ത ഉരുൾ പൊട്ടലിന്റെ ആഘാതം ഇനിയും വിട്ടു മാറിയിട്ടില്ല.

കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ കൂട്ടിക്കലിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം മൊത്തം 13 പേരാണ് അന്ന് ഉരുൾ പൊട്ടലിൽ മരണമടഞ്ഞത്.

പൂർണ്ണമായും ഭാഗികമായും വീടു നഷ്ടമായവരും കൃഷി ഭൂമി ഇല്ലാതായവരും ഏറെയുണ്ട്. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, ഇടയാർ, ഇളംകാട് പ്രദേശങ്ങളിലാണ് വൻതോതിൽ നാശനഷ്ടമുണ്ടായത്.

ദുരന്തത്തിനു ശേഷം

മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളെയും പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങളെയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിൽ കൂട്ടിക്കൽ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പേപ്പറുകളിൽ ഒതുങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്.

പാറമടകളുടെ പ്രവർത്തനം, നദീ തടങ്ങൾ കയ്യേറൽ, ഭൂവിനിയോഗം എന്നിവയാണ് ഉരുൾ പൊട്ടലുകളുടെ അടിസ്ഥാന കാരണങ്ങളായി പഠന റിപ്പോർട്ടുകളുടെ വിലയിരുത്തൽ.

കൊടുങ്ങ, വല്യേന്ത , വെമ്പാല , പ്ലാപ്പള്ളി പ്രദേശങ്ങളിൽ ദീർഘ നാളുകളായി പാറമടകൾ പ്രവർത്തിച്ചിരുന്നു. വല്യേന്ത പെട്ര ക്രഷർ യൂണിറ്റിൽ നിന്നും ഒന്നര കിലോമീറ്ററിനുള്ളിലാണ് ഉരുൾ പൊട്ടൽ സംഭവിച്ചിരിക്കുന്നത്. 2024 വരെ ഇവർക്ക് പ്രവർത്തനാനുമതി ഉണ്ട്.

പുല്ലകയാർ, കൊക്കയാർ, താളുങ്കൽ തോട് എന്നീ മൂന്നു പുഴകളുടെ സംഗമസ്ഥാനമായ കൂട്ടിക്കലിൽ നദീ തീരങ്ങൾ കയ്യേറിയാണ് ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിരുന്നത് . മുറിഞ്ഞപുഴ ഭാഗത്തുനിന്ന് ആരംഭിക്കുന്ന അഴങ്ങാടുപുഴ കൊക്കാറായി പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകി പുല്ലകയാറ്റിൽ പതിച്ച് മണിമലയാർ എന്ന പേരിൽ മുണ്ടക്കയത്തേക്ക് ഒഴുകുന്നു.

കനത്ത മഴയിൽ പ്രളയജലം നിറഞ്ഞ മണിമലയാർ അതിന്റെ യഥാർഥ വീതി വീണ്ടെടുത്ത് ഒഴുകിയപ്പോഴാണ് തീരത്ത് പ്രകൃതി വിരുദ്ധമായി കെട്ടിപ്പൊക്കിയവ എല്ലാം കടപുഴകി ഒഴുകിപ്പോയത്.

കാവാലിപ്പുഴയോടു തൊട്ടു ചേർന്നുള്ള മലഞ്ചരിവിൽ 10 മീറ്റർ ദൂരപരിധിയിൽ സാമാന്യം വലിയ മലയിടിച്ചിലുകൾ സംഗമിച്ച് വലിയ ഉരുൾപൊട്ടലായി താഴേക്ക് കിഴക്കുദിശയിലേക്ക് പതിക്കുകയായിരുന്നു.

വാഗമൺ ചരിവുകളിൽ 1400 മീറ്റർ ഉയരത്തിൽ പെയ്യുന്ന മഴ മുഴുവൻ ഒഴുകി കൂട്ടിക്കൽ താഴ്വാരത്തിലെത്തുമ്പോൾ 400-600 റേഞ്ചിലേക്ക് ഒതുങ്ങിയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നദീ തീര കൈയ്യേറ്റങ്ങൾ നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരുന്നു.

പ്രളയ ശേഷം വീണ്ടും കൂട്ടിക്കലിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നദി തിരിച്ചു പിടിച്ചതെല്ലാം മനുഷ്യൻ വീണ്ടും അനധികൃതമായി കൈയ്യേറുന്ന കാഴ്ച . പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോകൾക്ക് കൂട്ടിക്കലിന്റെ വിധിയെ തടുത്തു നിർത്താൻ സാധിക്കുന്നില്ല എന്നത് പരിതാപകരമാണ്.

അനിയന്ത്രിതമായ ഭൂവിനിയോഗം കൂട്ടിക്കലിന്റെ മണ്ണിനെ ദുരന്തമുഖത്തേക്ക് തള്ളിവിടുകയാണ്. ഒട്ടും വാസയോഗ്യമല്ലാത്ത പ്രദേശത്ത് വീണ്ടുമൊരു ടൗൺഷിപ്പ് ഉയരുകയാണ്. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി ശാസ്ത്രീയമായ നടത്തിപ്പുകളിലൂടെ മാത്രമേ ഭാവി ദുരന്തങ്ങളിൽ നിന്നും കൂട്ടിക്കലിനെ രക്ഷിക്കാൻ സാധിക്കൂ.

പരിസ്ഥിതി പഠന റിപ്പോർട്ടുകൾ മുന്നോടു വെയ്ക്കക്കുന്ന റെയിൻ ഗേജ് സ്റ്റേഷനുകൾ, ജീവനോപാധിയും സ്വത്തും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് പ്രത്യേക പുനര ധിവാസപദ്ധതി, പുതിയ ആവാസ സ്ഥലം കണ്ടെത്തുന്നതിനായി ജനങ്ങൾക്കിടയിലെ ബോധവത്ക്കരണ പരിപാടികൾ എന്നിവ യുദ്ധകാലടിസ്ഥാനത്തിൽ നടത്തേണ്ടതുണ്ട്.

ചെരിവുകൂടിയ പ്രദേശങ്ങളിൽ നീർച്ചാലുകളുടെ ഓരത്തിൽ പുതിയ നിർമ്മിതികൾ അനുവദിക്കാൻ പാടില്ല എന്നാണ് പഠന റിപ്പോട്ടുകൾ പറയുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തി നദീ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ പുരോഗമിക്കുന്നത് ആശങ്ക ഉളവാക്കുന്നു.

കേരള ദുരന്തനിവാരണ അഥോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പിൽ വീടു വയ്ക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവും നൽകുകയാണെങ്കിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണോ എന്ന് പരിശോധിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് ആളുകൾ വീണ്ടും അപകടം ക്ഷണിച്ചു വരുത്തുന്നത്.