സണ്ണി ലിയോണന്റെ നൃത്തം തടഞ്ഞവര്‍ ക്യാമറയില്‍ കുടുങ്ങി; 'അനുവദിക്കാന്‍' സമരക്കാര്‍ ആവശ്യപ്പെട്ടത് 40 ലക്ഷം

നടി സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ നൃത്തപരിപാടി നടത്തുന്നതിനെ എതിര്‍ത്ത കന്നഡ അനുകൂല സംഘടനാ നേതാക്കള്‍ ഇതേ പരിപാടി വീണ്ടും നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം പുറത്ത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനല്‍ റിപ്പോര്‍ട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കള്‍ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

“സണ്ണി നൈറ്റ്‌സ്” എന്ന പരിപാടി നടത്തണമെങ്കില്‍ 30 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും ബാക്കി പരിപാടിക്കു ശേഷം നല്‍കിയാല്‍ മതിയെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും നേതാക്കള്‍ പരിപാടിക്കായി പണം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കൈക്കൂലി ആരോപണം വേദികെ വൈസ് പ്രസിഡന്റ് അഞ്ജനപ്പ നിഷേധിച്ചു. പുതുവര്‍ഷത്തലേന്നു നടത്താനിരുന്ന പരിപാടിക്കു കന്നഡ രക്ഷണവേദികെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. അന്നു മാറ്റിവച്ച “സണ്ണി നൈറ്റ്‌സ്” അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് സംഘാടകര്‍.