അദ്ദേഹത്തെ കണ്ടപ്പോഴെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി, ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്; എംഎം മണിയെ നേരില്‍കണ്ട അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്

മിഥുന്‍ മാനുവല്‍ ചിത്രം ആടില്‍ ഇടുക്കി ഹൈറേഞ്ചിലെ കമ്യൂണിസ്റ്റ് നേതാവായ പി.പി. ശശി എന്ന കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. മുന്‍മന്ത്രി എം.എം. മണിയോട് അടുത്ത സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ഇത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം എംഎം മണിയെ നേരില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന്‍ (എം.എം. മണി) അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ദൂരേ നിന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്,’ ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമ അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ മാലിക്, ഹോം എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് ഇന്ദ്രന്‍സ് നടത്തിയത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.