സണ്‍ പിക്‌ചേഴ്‌സിന്റെ മെഗാ പ്രഖ്യാപനം; ദളപതി 65, സംവിധാനം നെല്‍സണ്‍ ദിലീപ് കുമാര്‍

ദളപതി വിജയ്‌യുടെ 65ാം സിനിമ പ്രഖ്യാപിച്ചു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യും. നയന്‍താര ചിത്രം കൊലമാവ് കോകില എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ് കുമാര്‍.

സിനിമയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കലാനിധി മാരന്‍, വിജയ്, നെല്‍സണ്‍ എന്നിവര്‍ ഒന്നിച്ചുള്ള വീഡിയോയും സണ്‍ പിക്‌ചേഴ്‌സ് പുറത്തു വിട്ടു. വിജയ്‌യുടെ ഗ്യാങ്സ്റ്റര്‍ സിനിമയ്ക്കായി കാത്തിരിക്കാം എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ വീഡിയോ നല്‍കുന്നത്.

ഡിസംബര്‍ 31-ന് പ്രഖ്യാപിക്കാനിരുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനൗണ്‍സ് ചെയ്തത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്ന ചിത്രമാണ് നെല്‍സണിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Read more

അതേസമയം, ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആണ് വിജയ്‌യുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. 65ാമത് സിനിമയ്ക്കായി വിജയ്‌യും എ.ആര്‍ മുരുഗദോസും ഒന്നിക്കും എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. തുപ്പാക്കി 2 ഒരുക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാഞ്ഞതിനാല്‍ വിജയ് മറ്റൊരു സംവിധായകനിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.