ചിത്രീകരണം പൂർത്തിയായി,തിയേറ്റർ കത്തിക്കാൻ സേനാപതി; തമിഴ് പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് 'ഇന്ത്യൻ 2' !

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2. ഷങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ജൂണിൽ ആഗോള തലത്തിൽ റിലീസിനെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ 2 ൻ്റെ പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായി അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തുവിടാനാണ് ടീം ലക്ഷ്യമിടുന്നത്.

വീണ്ടുമൊരിക്കൽ കൂടി ശങ്കർ മാജിക് സ്കീനിൽ കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉലകനായകൻ കമൽ ഹാസൻ ഇത്തവണയും റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു.

200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്.

ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

1996-ൽ പുറത്തിറങ്ങിയ “ഇന്ത്യൻ” കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ഷങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു “ഇന്ത്യൻ”.ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ചു “ഇന്ത്യൻ 2” ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണ് റിപ്പോർട്ട്.