വമ്പന്‍ ബജറ്റില്‍ എത്തിയ സിനിമ സമ്പൂര്‍ണ പരാജയം, രജനിയുടെ പ്രതിഫലത്തിന്റെ പകുതി പോലും നേടാനാകാതെ 'ലാല്‍ സലാം'! കളക്ഷന്‍ റിപ്പോര്‍ട്ട്

തിയേറ്ററില്‍ വന്‍ ദുരന്തമായി ഐശ്വര്യ രജനികാന്ത് ചിത്രം ‘ലാല്‍ സലാം’. രജനികാന്ത് കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധന വേഷങ്ങളില്‍ എത്തിയത്. ആദ്യ ദിനം കോളിവുഡില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ആയിരുന്നു ചിത്രം നേടിയത്.

എന്നാല്‍ 90 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 14.97 കോടി രൂപ മാത്രമാണ്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാല്‍ സലാം ആറാം ദിവസം 1.21 കോടി രൂപ കളക്ഷന്‍ നേടി. എന്നാല്‍, ഏഴാം ദിവസം ഏകദേശം 0.81 കോടി രൂപ മാത്രമേ ചിത്രത്തിന് നേടാനായുള്ളു.

ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം മൂന്നേകാല്‍ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. ഒരു ഗ്രാമത്തില്‍ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് ലാല്‍ സലാം പറഞ്ഞത്. ചിത്രത്തിലെ രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യത ആദ്യ ദിനത്തില്‍ ലഭിച്ചിരുന്നു.

40 മിനിറ്റോളമാണ് രജനിയുടെ റോള്‍. എന്നാല്‍ പിന്നീട് ആ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിട്ടില്ല. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. 40 മിനുറ്റുള്ള രജനിയുടെ അഭിനയത്തിന് താരം 40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.