'വരാഹരൂപ'ത്തിന് വീണ്ടും വിലക്ക്; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ ഉത്തരവിന് സ്റ്റേ

കോപ്പിയടി വിവാദത്തില്‍ തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തള്ളിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയടിച്ചതാണെന്ന് വ്യക്തമാക്കി മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജുമാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസമാണ് തങ്ങളുടെ ‘നവരസം’ ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.

പിന്നാലെ തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജിയില്‍ വരാഹരൂപം സിനിമയില്‍ ഉപയോഗിക്കുന്നത് കോഴിക്കോട് സെഷന്‍സ് ജില്ലാ കോടതി വിലക്കിയിരുന്നു. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായതിനെ തുടര്‍ന്ന് ജില്ലാ കോടതി തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തള്ളിയത്.

ഇതിനെതിരെ തൈക്കുടം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിനെതിരെ പാലക്കാട് ജില്ലാ കോടതി നവംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.