യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വിമാനത്താവളത്തിൽ ഉപേക്ഷിച്ചു, ഓസ്‌കര്‍ ജേതാവ് അറസ്റ്റില്‍

 

ഓസ്‌കര്‍ ജേതാവ് പോള്‍ ഹാഗ്ഗിസിനെ ലൈംഗിക പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം. വിദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സംവിധായകന്‍ പാപോള കാസെയ്ല്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാരും പോലീസും ചേര്‍ന്ന് അവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഇറ്റാലിയന്‍ സ്‌ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു.

ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടര്‍മാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ നിയമമനുസരിച്ച് കേസിനേക്കുറിച്ച് ഇപ്പോളൊന്നും പറയാനില്ലെന്ന് ഹാഗ്ഗിസിന്റെ പേഴ്‌സണല്‍ അറ്റോണി പ്രിയ ചൗധരി പ്രസ്താവനയില്‍ അറിയിച്ചു.

അതിക്രമത്തിന് ഇരയായ യുവതി മേളയ്ക്ക് മുന്നോടിയായി ഹാഗ്ഗിസിനൊപ്പം താമസിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതാദ്യമായല്ല ഹാഗ്ഗിസ് ലൈംഗികാരോപണം നേരിടുന്നത്. 2013-ലെ ഒരു പ്രീമിയറിന് ശേഷം തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി ഹാഗ്ഗിസിനെതിരെ രംഗത്തെത്തിയിരുന്നു.