ജോക്കര്‍ തോക്ക് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നോ എന്ന് ചോദ്യം; അഭിമുഖത്തിനിടെ ഫിനിക്‌സ് ഇറങ്ങിപ്പോയി

വലിയ പ്രതീക്ഷയോടെയാണ് ലോകസിനിമാപ്രേമികള്‍ ജോക്കറിനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം വമ്പന്‍ ആകാംഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം തന്നെ ചിത്രം വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്നാണ് വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ ദ ഡെയ്‌ലി ടെലഗ്രാഫിന്റെ അഭിമുഖത്തില്‍ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെക്കുറിച്ചുളള ചോദ്യം നായക വേഷത്തിലെത്തുന്ന വാക്വിന്‍ ഫിനിക്സിനെ പ്രകോപിപ്പിച്ചു. ഫിനിക്സ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. എന്ത് തരം ചോദ്യമാണിതെന്നും മറുപടി പറയാനാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റ് പോയത്.

ജോക്കര്‍ ക്രൂരനായ വില്ലനിലേക്ക് എങ്ങനെയാണ് എത്തിയതെന്നാണ് ചിത്രം പറയുന്നത്. ചിത്രത്തിന് റോട്ടന്‍ ടൊമാറ്റോയില്‍ 75 ശതമാനം റേറ്റിങ്ങുണ്ട്. ഒകടോബര്‍ നാലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.