വീണ്ടും 'ജോക്കര്‍' ആകാന്‍ വാക്വിന്‍ ഫീനിക്‌സ്; പ്രതിഫലമായി 360 കോടി

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരു പോലെ ഏറ്റെടുത്ത സിനിമയാണ് ജോക്കര്‍. ചിത്രത്തിന് സീക്വല്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ടോഡ് ഫിലിപ്‌സ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ വീണ്ടും ജോക്കര്‍ ആകാന്‍ 360 കോടി രൂപയാണ് വാക്വിന്‍ ഫീനിക്‌സിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോക്കര്‍ പുറത്തിറങ്ങിയ സമയത്ത് തുടര്‍ ഭാഗങ്ങളില്‍ വേഷമിടാന്‍ വാക്വിന്‍ ഫീനിക്‌സിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ താരം വീണ്ടും ജോക്കറാകാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022, 2024 വര്‍ഷങ്ങളിലായി ചിത്രം പുറത്തിറക്കാനാണ് വാര്‍ണര്‍ ബ്രദേര്‍സ് സ്റ്റുഡിയോയുടെ തീരുമാനം.

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്‌ളെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലനായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജോക്കറാകാനായി 23 കിലോ ശരീരഭാരം ഫീനിക്‌സ് കുറച്ചിരുന്നു.

പൈശാചികതയും നിസ്സഹായതയും കൂടിക്കലര്‍ന്ന വരുന്ന ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തില്‍ നിന്നും മുക്തനാകുക ഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നീട് ഫീനിക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.