ഈ വാര്‍ത്ത എന്നെയും തളര്‍ത്തുന്നുണ്ട്, സൂപ്പര്‍മാനായി ഇനിയൊരു തിരിച്ചു വരവില്ല: ഹെന്റി കാവില്‍

സൂപ്പര്‍മാന്‍ ആകാന്‍ ഇനി താനില്ലെന്ന് നടന്‍ ഹെന്റി കാവില്‍. ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി കൊണ്ടാണ് ഹെന്റി തന്റെ തീരുമാനം പങ്കുവച്ചിരിക്കുന്നത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ കാര്യം തീരുമാനമായത് എന്നാണ് ഹെന്റി പറയുന്നത്.

2013ല്‍ സാക്ക് സ്‌നൈഡര്‍ സംവിധാനം ചെയ്ത ‘മാന്‍ ഓഫ് സ്റ്റീല്‍’ എന്ന ചിത്രത്തിലൂടെയാണ് ഹെന്റി സൂപ്പര്‍മാന്‍ ആയി എത്തുന്നത്. തുടര്‍ന്ന് വന്ന ‘ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍’, ‘ജസ്റ്റിസ് ലീഗ്’ എന്നീ സിനിമകളിലൂടെ സൂപ്പര്‍മാനായി ഹെന്റി ലോകം മുഴുവനും ആരാധകരെ സ്വന്തമാക്കിയിരുന്നു.

സൂപ്പര്‍മാന്റെ ചെറുപ്പ കാലത്തെ കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. ഈ പ്രോജക്ടിന്റെ തിരക്കഥ എഴുതുന്നത് ജയിംസ് ഗണ്‍ ആണ്. അതുകൊണ്ട് തന്നെ പുതിയൊരു താരത്തെയാണ് സൂപ്പര്‍മാനായി ഡിസി പരിഗണിക്കുന്നതും. മാന്‍ ഓഫ് സ്റ്റീല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിനിടെയാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഡിസിയുടെ പുതിയ തീരുമാനം. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് പറയുവാനുള്ളത്. സൂപ്പര്‍മാനായി ഇനി തന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ഒക്ടോബറില്‍ സ്റ്റുഡിയോ തന്നെ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്.

അതുകൊണ്ട് തന്നെ ഈ വാര്‍ത്ത തന്നെ തളര്‍ത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. താനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്‌സ് സൃഷ്ടിക്കണം. അവരുടെ ഭാവി പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു എന്നാണ് ഹെന്റി കാവില്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.