സിനിമയിലെ 'ഹലാലും ഹറാമും'- ഹലാല്‍ ലൗ സ്റ്റോറി മൂവി റിവ്യൂ

ഫഹദ് കെ

സംവിധായകനെന്ന നിലയില്‍ ഒരു വണ്‍ ടൈം വണ്ടര്‍ ആയിരുന്നില്ല താനെന്ന് തെളിയ്ക്കുന്നതാണ് സക്കരിയയുടെ രണ്ടാമത്തെ സിനിമയായ ഒരു ഹലാല്‍ ലൗ സ്റ്റോറി. കേരളത്തില്‍ തരംഗം സൃഷ്ടിച്ച തന്റെ ആദ്യ സിനിമ സുഡാനി ഫ്രം നൈജീരിയയുടെ യാതൊരു ബാദ്ധ്യതയും പേറാത്ത മറ്റൊരു തരത്തിലുളള ഒരു സിനിമയുമായാണ് ഇത്തവണ സക്കരിയയുടെ വരവ്. തനിക്ക് പറയേണ്ട കാര്യങ്ങള്‍ മനോഹരമായ തിരക്കഥയുടെ ബലത്തില്‍ പറഞ്ഞ് വെയ്ക്കാന്‍ സംവിധായകന്‍ സക്കരിയ കാണിച്ച മിടുക്കിന്റെ പേരിലാകും ഈ സിനിമ ഓര്‍മ്മിക്കപ്പെടുന്നത്.

നൂറ് വര്‍ഷത്തോളം പഴക്കമുളള മലയാള സിനിമയുടെ ചരിത്രത്തില്‍ ഒട്ടും പരിചിതമല്ലാത്ത ജീവിതാനുഭവങ്ങളിലൂടെയും മനുഷ്യരിലൂടെയും കാഴ്ച്ചക്കാരെ കൂട്ടികൊണ്ട് പോകാന്‍ ഈ സിനിമയില്‍ സംവിധായകന്‍ സക്കരിയ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത്, പാര്‍വതി, ജോജു ജോര്‍ജ്, സൗബിന്‍ അടക്കമുളള വന്‍ താരനിരയെ കേവലം കഥാപാത്രങ്ങളാക്കി ചുരുക്കി ഒരു സംവിധായകന്റെ കലയാണ് സിനിമയെന്ന അടിസ്ഥാനതത്വം ഹലാല്‍ ലൗ സ്‌റ്റോറി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

പേരെടുത്ത് പറയുന്നില്ലെങ്കിലും മുസ്ലിം സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഹലാല്‍ (അനുവദനീയം), ഹറാം (നിഷിദ്ധം) ദ്വന്ദങ്ങള്‍ അവരുടെ ജീവിത പരിസരത്ത് സൃഷ്ടിക്കുന്ന ധാര്‍മ്മികവും സദാചാരവുമായ പ്രതിസന്ധികള്‍ മനോഹരമായിട്ട് ഈ സിനിമ പറഞ്ഞ് വെയ്ക്കുന്നു.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ 2001 സെപ്റ്റംമ്പര്‍ 11-ന് ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം കാണിച്ച് തുടങ്ങുന്ന സിനിമ കേരളത്തിലെ സാമ്രാജത്വ വിരുദ്ധത ഇടതുപക്ഷ ഫ്രെയിമുകളിലൂടെ മാത്രം കണ്ടിട്ടുളള മലയാളിയ്ക്ക് മറ്റൊരു കാഴ്ച്ചാനുഭവം ആണ് സമ്മാനിയ്ക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ നടന്ന അഫ്ഗാന്‍, ഇറാഖ് അധിനിവേശം കേരളത്തില്‍ വിശിഷ്യാ മുസ്ലിം സമുദായത്തിനുളളില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച കാഴ്ച്ച പരിസരത്ത് നിന്നാണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്.

സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം “സംഘടന” പ്രവര്‍ത്തകര്‍ ഒരു നല്ല സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും തടസ്സങ്ങളേയും പ്രതിബന്ധങ്ങളെല്ലാം മറികടന്ന് അതൊരു ഒരു മണിക്കൂര്‍ ടെലി സിനിമയായി അരങ്ങിലെത്തുന്നതുമാണ് ഈ സിനിമയുടെ പ്രമേയം.

കുടുംബ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വവും അത് സൃഷ്ടിക്കുന്ന ഈഗോ ക്ലാഷുകളും ഭംഗിയായി ഈ സിനിമ വരച്ച് കാണിക്കുന്നു. അമിത മദ്യാസക്തിയും മയക്കുമരുന്ന് ഉപയോഗവും നമ്മളുടെ സ്വച്ഛമായ ജീവിതത്തിനെ എങ്ങനെയാണ് തികിടം മറിക്കുന്നതെന്ന് ജോജുവിന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം തൊഴില്‍ മേഖലയില്‍ പിടികൂടിയിരിക്കുന്ന അമിത മദ്യാസക്തിയും മയക്കുമരുന്ന് ഉപയോഗവുമെല്ലാം പ്രേക്ഷകരെ കാണിച്ച് തങ്ങളിലേക്ക് തന്നെ വിരല്‍ ചൂണ്ടാനും സംവിധായകന്‍ മറന്നിട്ടില്ല.

വൈകാരികവും ജൈവികവുമായ മുസ്ലിം പരിസരത്ത് നിന്ന് എങ്ങനെയാണ് ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്‍ മാറി സഞ്ചരിക്കുന്നത് എന്ന കാഴ്ച്ചാനുഭവം കൂടിയാണ് ഈ സിനിമ. ആ അര്‍ത്ഥത്തില്‍ സുഡാനിയുടെ മറ്റൊരു ഭാഗം കൂടിയാകുന്നുണ്ട് ഹലാല്‍ ലൗ സ്റ്റോറി. പന്ത് കളിയും മമ്പുറം മഖാമും കാണിച്ച സുഡാനിയില്‍ നിന്ന് സര്‍ക്കുലറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന അടിമുടി സംഘടനാ മനുഷ്യരായ “റഹീം സാഹിബിനേയും ഷെരീഫ് സാഹിബിനെയും തൗഫീഖ് സാഹിബിനേയുമെല്ലാം” ഈ ചിത്രം പരിചയപ്പെടുത്തുന്നു. പഴയ എസ്‌ഐഒകാരെ (ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന) കുറിച്ചുളള ഓര്‍മ്മ കൂടിയാണ് ഈ സിനിമ. ബഹുസ്വര സമൂഹത്തിലെ ഇടപെടലുകളെങ്ങനെയാകണമെന്ന് ആശങ്കപ്പെടുന്ന, പൊതു സ്വീകാര്യരെ തിരഞ്ഞ് നെട്ടോട്ടമോടുന്ന, കൊക്കകോള ബഹിഷ്‌ക്കരിക്കുന്ന നിഷ്‌കളങ്കരായ “പൊളിറ്റിക്കല്‍ മനുഷ്യരെ” ഈ സിനിമയില്‍ ആവോളം കാണാനാകും.

കാസ്റ്റിംഗ് ഗംഭീരമെന്ന് പറയാതെ വയ്യ. ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ജോജു ജോര്‍ജും പാര്‍വ്വതിയും സൗബിനും അടക്കമുളള താരങ്ങള്‍ തങ്ങളുടെ കഥാപാത്രത്തോട് അടിമുടി നീതി പുലര്‍ത്തി. ചെറിയ കഥാപാത്രമായി എത്തിയ പലരും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. ആജയ് മേനോന്റെ സിനിമറ്റോഗ്രഫി ഗംഭീരമായി. മനോഹരമായ ഗാനങ്ങളും മികച്ച ഫ്രെയിമുകളുമായി സമ്പന്നമാണ് ഈ സിനിമ. കണ്ടിരുന്നാല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ നഷ്ടമാകില്ല.