2024ൽ തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ റൊമാന്റിക്ക് കോമഡി ചിത്രം ‘പ്രേമലു’. സൂപ്പർ ശരണ്യക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത് ബ്ലോക്ക് ബസ്റ്ററായി തീർന്ന ചിത്രമായിരുന്നു പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി എന്നു മാത്രമല്ല, മലയാളികൾക്ക് പുറമെ മറ്റ് ഭാഷകളിലുളളവരും സ്വീകരിച്ചു.
2024, ഏപ്രിൽ 18നാണ് ‘പ്രേമലു 2’ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ‘പ്രേമലു’ സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ ഈ പ്രഖ്യാപനം. എന്നാൽ പല കാരണങ്ങൾ കൊണ്ട് പ്രേമലു 2 നീണ്ടു പോവുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ചിത്രം ഉപേക്ഷിക്കുന്നതെന്ന കാരണം വ്യക്തമല്ല.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും സംവിധായകന്റെയോ നിർമാതാക്കളുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എങ്കിലും ചിത്രം ഉപേക്ഷിച്ചു എന്നാണ് സോഷ്യൽ മീഡിയയിലെ പല പ്രമുഖ പേജുകളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചില സാങ്കേതിക കാരണങ്ങളാൽ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ‘പ്രേമലു 2 എന്തായാലും ഉടനില്ലെന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നുമായിരുന്നു ദിലീഷ് പോത്തൻ പറഞ്ഞത്. പിന്നീട് സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ വന്നില്ല.
റോം- കോം വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read more
2024 ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലെ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തികുറിച്ചിരുന്നു. 12.50 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച പ്രേമലു 136.25 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത്. നസ്‌ലിൻ–മമിത ബൈജു കോംബോയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ വിജയരഹസ്യം. എന്റയലയം സച്ചിന്റെയും റീനുവിന്റെയും പിന്നീടുള്ള പ്രണയകഥ സ്‌ക്രീനിൽ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ഈ വാർത്ത വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്.







