നടി ഗൗരി കിഷന് എതിരായ ബോഡി ഷെയ്മിങ്ങിനെ അപലപിച്ച് നടികര്‍ സംഘം. സംഭവം അങ്ങേയറ്റം ഖേദകരമെന്നും ഗൗരിക്കുണ്ടായ അനുഭവത്തെ ശക്തമായി അപലപിക്കുന്നെന്നും നടികര്‍ സംഘം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും നടികര്‍ സംഘം വ്യക്തമാക്കി. യൂട്യൂബറുടെ നടപടിയെ അപലപിച്ച് ചെന്നൈ പ്രസ് ക്ലബും രംഗത്തെത്തി.
”സിനിമാ വ്യവസായവും പത്രപ്രവര്‍ത്തനവും വേര്‍പിരിയാനാവാത്ത ബന്ധമാണ്. നല്ല സിനിമകളേയും ആര്‍ട്ടിസ്റ്റുകളേയും പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സംസ്‌കാരികമായ രീതിയില്‍ അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്നലെ സംഭവിച്ചത് തികച്ചും വിപരീതമാണ്, വളരെ ഖേദകരമായ കാര്യമാണ്.”
”75 വര്‍ഷം മുമ്പ് തന്നെ, സ്ത്രീകള്‍ അഭിനേതാക്കളായി മാത്രമല്ല, സംവിധായിക, നിര്‍മ്മാതാവ്, ഛായാഗ്രഹക എന്നീ നിലകളില്‍ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്നത്തെ ചുറ്റുപാടില്‍ പോലും, ഒരു സ്ത്രീക്ക് സിനിമയില്‍ പ്രവേശിക്കുന്നതും മുന്നേറുന്നതും ഒരു വെല്ലുവിളിയായി തുടരുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്ന അവരുടെ അന്തസ്സും ബഹുമാനവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്.”
”പത്ത് വര്‍ഷം മുമ്പ് ഇതേ വ്യക്തി മറ്റൊരു നടിയോട് ചെയ്ത അപമര്യാദയായ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നലത്തെ സംഭവം. ഇതൊരു വ്യക്തിയെ മാത്രം അപമാനിച്ചതല്ല, മറിച്ച് സിനിമാ വ്യവസായത്തിന് തന്നെ അപമാനിച്ചതാണ്. ഇത്തരം ദുഷ്പ്രവണതകള്‍ നിരോധിക്കണം. മാധ്യമമേഖലയില്‍ മുളച്ചുപൊന്തുന്ന ഈ ‘കള’കളെ കുറിച്ച് നമ്മള്‍ ഒന്നിച്ച് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.”
”ഗൗരി ജി കിഷന് സംഭവിച്ച ഈ സംഭവത്തെ നടിഗര്‍ സംഘം ശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും” എന്നാണ് നടികര്‍ സംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് നാസര്‍ പറഞ്ഞത്. അതേസമയം, ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് യൂട്യൂബര്‍ ഗൗരിക്കെതിരെ ശബ്ദം ഉയര്‍ത്തിയത്.
ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്.
ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു. തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങ്ങിന് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചു കൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന നിലപാടില്‍ ഗൗരി ഉറച്ചു നില്‍ക്കുകയായിരുന്നു.








