കേരളത്തിന്റെ കമല്‍ ഹാസന്‍: പൃഥിരാജിനെ കുറിച്ച് വിവേക് ഒബ്രോയ്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് ഒരുക്കിയ കടുവ. ഇപ്പോഴിതാ, പൃഥിരാജിനെ കുറിച്ച് വിവേക് ഒബ്രോയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ ഹാസനാണെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്. കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു വിവേക് ഒബ്രോയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ ഹാസനാണ്. പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മ്മിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ്. സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയില്‍ പൃഥ്വിരാജ് സ്വാധീനിച്ചിട്ടുണ്ട്.

ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ വിവേക് ഒബ്രോയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.