'ബഹിഷ്‌കരണ ആഹ്വാനങ്ങളും മണ്ടന്‍ പ്രസ്താവനകളും നടത്തിയവര്‍ പ്രശംസ അര്‍ഹിക്കുന്നു': പഠാന്‍ വിജയത്തെ കുറിച്ച് വിവേക് അഗ്‌നിഹോത്രി

അത്ഭുതകരമായ പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ സിനിമ ആദ്യം വലിയ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും നേരിട്ടിരുന്നുവെങ്കിലും അതിനെയെല്ലാം വിജയകരമായിത്തന്നെയാണ് നേരിട്ടത്.

ഇപ്പോഴിതാ ഈ സിനിമയുടെ വിജയത്തെക്കുറിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘പഠാനെ’തിരെ മണ്ടന്‍ പ്രസ്താവനകളും അനാവശ്യമായ പ്രതിഷേധങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടത്തിയവരും ചിത്രത്തിന്റെ വിജയത്തില്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്ന് വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

‘സിനിമയ്ക്കെതിരെ മണ്ടന്‍ പ്രസ്താവനകള്‍ നടത്തുന്ന ആളുകള്‍ക്കും അനാവശ്യമായി പ്രതിഷേധിക്കുകയും ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത ആളുകള്‍ക്കും കുറച്ച് ക്രെഡിറ്റ് ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു.

സ്ഥിരം ‘ബോയ്കോട്ട് ബോളിവുഡ് ഗ്യാങ്ങില്‍’ നിന്ന് വ്യത്യസ്തരായ ആളുകളാണ് ഇവര്‍. വര്‍ഷങ്ങളായി എല്ലാത്തിനും ‘ബോളിവുഡ് ബഹിഷ്‌കരിക്കൂ’ എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. ഞങ്ങള്‍ ഇത് കത്തിക്കാം, അത് കത്തിക്കാം എന്ന് പറയുന്ന അക്രമാസക്തമായ ചില ഘടകങ്ങള്‍ പഠാന്റെ വിജയത്തിന് കാരണമായെന്ന് ഞാന്‍ കരുതുന്നു. എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്.

ജനുവരി 25ന് ആണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 953 കോടിയാണ് പഠാന്‍ ലോകമെമ്പാടുമായി കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം 593 കോടി ചിത്രം നേടിയെന്ന് പഠാന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്യുന്നു. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍.