ഈ ചിത്രത്തില്‍ പ്രണവുണ്ടെന്ന് വിനീത്; തിരിച്ചറിയാന്‍ കഷ്ടപ്പെട്ട് ആരാധകര്‍

പ്രണവ് മോഹലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഹൃദയത്തിന്റെ സെറ്റില്‍ നിന്നും വിനീത് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ നായകന്‍ പ്രണവ് എവിടെ? ചിത്രത്തില്‍ പ്രണവിനെ തിരയുന്നവരോട് നടന്‍ അതിലുണ്ടെന്നാണ് വിനീത് പറയുന്നത്. ആരാധകരോടു തന്നെ കണ്ടു പിടിക്കാനും പറയുന്നു.

പ്രണവിനെ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ആരാധകര്‍. നടുവില്‍ കണ്ണടവെച്ചുനില്‍ക്കുന്നതാണ് പ്രണവെന്നു ചിലര്‍. അടുത്തുളള സ്റ്റീല് മേശമേല്‍ കൈകുത്തി നില്‍ക്കുന്നത് പ്രണവാണെന്നു വേറെ ചിലര്‍. അതേ സമയം കൂട്ടത്തിലെ ഏക ഇടംകൈയനാണ് പ്രണവ് എന്നും ചിലര്‍ പറയുന്നു. ഇതൊന്നുമല്ല ഈ ചിത്രമെടുത്തത് പ്രണവ് ആയിരിക്കുമെന്ന് ചുരുക്കം ചിലര്‍. എന്തായാലും സംഭവം ചൂടുള്ള ചര്‍ച്ചയായി.

Read more

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്ത നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്.