“കുമ്പളങ്ങി നൈറ്റ്‌സ്” എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് അന്ന ബെന്‍. ഷമ്മിക്ക് മുന്നില്‍ ധീരയായി നിന്ന ബേഹബി മോളെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് “ഹെലന്‍”. “ആനന്ദ”ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് സംവിധാനം ചെയ്യുന്നത്.
നവംബര്‍ 15ന് എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിനീതും അന്നയും മാത്തുക്കുട്ടിയും നോബിളും ഫെയ്‌സ്ബുക്ക് ലൈവിലെത്തിയിരുന്നു. “”എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ”” എന്നായിരുന്നു അന്നയോട് ആരാധകന്‍ ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് പേടിയൊന്നുമില്ല എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്നായിരുന്നു അന്നയുടെ മറുപടി.
സാധാരണക്കാരനായ അച്ഛന്റെയും മകളുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെലന്‍ പറയുന്നത്. ദി ചിക്കന്‍ ഹബ്ബ് എന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. ലാല്‍ ആണ് അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. നോബിള്‍ ആണ് നായകന്‍. അജു വര്‍ഗീസും ചിത്രത്തിലെത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു കേന്ദ്ര കഥാപാത്രം.