വ്യത്യസ്ത ലുക്കില്‍ വിനയ് ഫോര്‍ട്ട്; 'മാലിക്കി'ലെ പുതിയ പോസ്റ്റര്‍ വൈറല്‍

ഫഹദ് ഫാസില്‍ നായകനാകുന്ന “മാലിക്കി”ല്‍ വേറിട്ട ഗെറ്റപ്പില്‍ വിനയ് ഫോര്‍ട്ട്. “ടേക്ക് ഓഫി”ന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “മാലിക്”. സിനിമയിലെ ഫഹദ് ഫാസിലിന്റേയും നിമിഷ സജയന്റേയും ലുക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രേക്ഷകരെ ഞെട്ടിച്ച് വിനയ് ഫോര്‍ട്ടിന്റെ കിടിലന്‍ ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

ഫഹദ് സുലൈമാന്‍ മാലിക് എന്ന അറുപതുകാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡേവിഡ് ക്രിസ്തുദാസ് എന്ന മധ്യവയസ്‌കന്‍ കഥാപാത്രമായാണ് വിനയ് എത്തുന്നത്. നടി നിമിഷ സജയന്‍ അവതരിപ്പിക്കുന്ന റോസ്‌ലിന്‍ എന്ന കഥാപാത്രത്തിന്റെ പ്രായമേറിയ ലുക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

നരച്ച മുടിയും താടിയുമൊക്കെയായുള്ള ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പാണ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്നു പറഞ്ഞാണ് വിനയ് ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.