റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന് വാരിയെല്ലിന് ഒടിവ്

നടൻ ചിയാൻ വിക്രമിന് ​അപകടം. തങ്കലാൻ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനെ ആണ് അപകടം സംഭവിച്ചത്. വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ചിത്രം. ഒരു പാൻ വേൾഡ് ചിത്രമായി റിലീസ് ചെയ്യാനാണ് സംവിധായകന്റെ ലക്ഷ്യം. അടുത്ത വർഷമായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികാ വേഷങ്ങളിൽ എത്തുന്നത്.

ജി. വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.