വീണ്ടും ബോഡി ഗാര്‍ഡ് ആയി വിജയ്; 11 വര്‍ഷത്തിന് ശേഷം വിജയ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്‌

വിജയ് ചിത്രം ‘കാവലന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്. 11 വര്‍ഷത്തിന് ശേഷമാണ് വിജയ്‌യും അസിനും അഭിനയിച്ച കാവലന്‍ റീ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 2011 ജനുവരി 15ന് ആയിരുന്നു തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. അന്ന് ചിത്രം ബോക്‌സോഫീസില്‍ ഹിറ്റ് ആയിരുന്നു.

വിജയ്‌യുടെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് ഫെബ്രുവരി 10ന് ആണ് കാവലന്‍ നൂറിലേറെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാര്‍ഡി’ന്റെ തമിഴ് റീമേക്കാണ് കാവലന്‍. ദിലീപും നയന്‍താരയും വേഷമിട്ട ബോഡിഗാര്‍ഡ് വലിയ രീതിയില്‍ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.

ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. കാവലനില്‍ മിത്ര കുര്യന്‍ ആണ് മറ്റൊരു നായിക. ബോഡിഗാര്‍ഡിലും മിത്ര അഭിനയിച്ചിരുന്നു. രാജ് കിരണ്‍, വടിവേലു, ലിവിംഗ്‌സ്റ്റണ്‍, റോജ, മധന്‍ ബോബ്, മഹാദേവന്‍, കൃഷ്ണ കുമാര്‍, ഗിന്നസ് പക്രു, ഡല്‍ഹി ഗണേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, ‘വാരിസ്’ ആണ് വിജയ്‌യുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം 273 കോടിയോളമാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായികയായത്. സംഗീത, സംയുക്ത കാര്‍ത്തിക്, ശ്യാം, ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.