അങ്ങേയറ്റം ഖേദകരം; മധുവിന് എതിരെയുള്ള അഖിലിന്റെ പരാമര്‍ശത്തില്‍ തുടര്‍നടപടികൾ എടുക്കുമെന്ന് മോഹന്‍ലാല്‍

ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസിയുവാവായ മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹന്‍ലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ ഇതിനെ കുറിച്ച് അഖില്‍ മാരാരോട് ചോദിക്കുകയും ചെയ്തു. നടപടിയെടുക്കുമെന്നും മോഹന്‍ലാല്‍ ഷോയില്‍ വ്യക്തമാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസില്‍ ടാസ്‌ക് നടക്കവേയായിരുന്നു അഖിലിന്റെ വിവാദ പരാമര്‍ശം.

‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത് നീയാരാ മധുവോ നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ’ മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്തിന്റെ ക്ലിപ്പിംഗുകള്‍ എത്തിയ സമയത്താണ് പ്രേക്ഷകരില്‍ പലരും തന്നെ ഈ സംഭാഷണം ശ്രദ്ധിക്കുന്നത്. അഖില്‍ മാരാര്‍ക്ക് എതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ പൊലീസിനും പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷനും ഐബിഎഫിനും പരാതിയും നല്‍കിയിരുന്നു.