ആദ്യം വിക്രം, പിന്നാലെ പൃഥ്വിയും ആഷിഖും പിന്മാറി; 'വാരിയംകുന്നനു'മായി മുന്നോട്ടെന്ന് നിര്‍മ്മാതാക്കള്‍

‘വാരിയംകുന്നന്‍’ സിനിമയുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നും പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയതിന് പിന്നാലെയാണ് വാരിയംകുന്നന്‍ നിര്‍മ്മാതാക്കള്‍ ഉപേക്ഷിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് ആദ്യം നടന്‍ വിക്രമിനെ നായകനാക്കിയാണ് ഈ സിനിമ ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അതിന് ശേഷമാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റെയും അടുത്തേക്ക് സിനിമയുടെ തിരക്കഥ എത്തുന്നതും അവര്‍ ഈ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്തത് എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്ന് ആഷിഖ് അബു വ്യക്തമാക്കി.

അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.