'കുറ്റം തെളിയും വരെ ആരോപണ വിധേയന്‍ നിരപരാധി; ലൈംഗിക പീഡനാരോപണം കെട്ടിച്ചമച്ചതെന്ന് വൈരമുത്തു

ഒ.എന്‍.വി പുരസ്‌കാര വിവാദത്തില്‍ വിശദീകരണവുമായി കവിയും ഗാനരചയിതാവുമായ വൈരമുത്തു. ലൈംഗിക പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്ന് വര്‍ഷമായിട്ടും കേസെടുത്തിട്ടല്ലെന്നും വൈരമുത്തു പ്രതികരിച്ചു. കുറ്റം തെളിയുന്നതു വരെ ആരോപണ വിധേയന്‍ നിരപരാധിയാണെന്നും വൈരമുത്തു പറഞ്ഞു.

മീ ടൂ ആരോപണത്തിന് വിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നതിന് പിന്നാലെ, പുരസ്‌കാരം നല്‍കുന്ന തീരുമാനം പുനപരിശോധിക്കാന്‍ ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി തീരുമാച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇതോടെ നടി റിമ കല്ലിങ്കലും പാര്‍വതിയും അടക്കമുള്ളവര്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തുകയായിരുന്നു.

ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17 ഓളം സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 2018-ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. “വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും” എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.