സൈജു കുറുപ്പ് കേന്ദ്ര കഥാപത്രമായി എത്തുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. ജനുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്.
രസകരമായ ഒരു കുറിപ്പോടെയാണ് ദുല്‍ഖര്‍ റിലീസ് തിയതി പങ്കുവച്ചത്. ”നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാന്‍ തിയേറ്ററുകളിലേക്ക് പോരേ… 2022 ജനുവരി 28 മുതല്‍. NB: പിന്നെ ഗുണ്ടജയന്‍ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല ”കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!”
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു. ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.