വിവാദം വിറ്റ് കാശാക്കാന്‍ ഉണ്ണി മുകുന്ദന്‍; ഇനി ഗണപതിയാകും, 'ജയ് ഗണേഷ്' വരുന്നു

മിത്ത് പരാമര്‍ശ വിവാദത്തിനിടെ ‘ജയ് ഗണേഷ്’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച ഉണ്ണി മുകുന്ദനെതിരെ ചര്‍ച്ചകള്‍. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവച്ചിട്ടുണ്ട്.

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി നടന്‍ എത്തുന്നത്. ജയ് ഗണേഷിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താന്‍ എന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനെ കുറിച്ച് രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”മാളികപ്പുറം പുറത്തിറങ്ങിയ ശേഷം ഏഴ് മാസത്തിനിടെ ഉണ്ണിയുടെതായി ഒരു സിനിമയും ചിത്രീകരിച്ചിട്ടില്ല. ശരിയായ തിരക്കഥയ്ക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ജയ് ഗണേഷിനെ കുറിച്ച് ചര്‍ച്ച ചെയ്തു. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഞാന്‍ എന്റെ നടനെയും കണ്ടെത്തി.”

”ഞങ്ങള്‍ ഇരുവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വഴിയിലെ ഓരോ ചുവടും ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നാണ് രഞ്ജിത് ശങ്കര്‍ കുറിച്ചത്. കുറിപ്പിനൊപ്പം ഒരു ടൈറ്റില്‍ ആനിമേഷന്‍ വീഡിയോയും രഞ്ജിത് ശങ്കര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.