ബര്‍മുഡയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് , റിലീസ് ഡേറ്റ് പുറത്ത്

ഷെയ്ന്‍ നിഗം ചിത്രം ‘ബര്‍മുഡ’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ബര്‍മുഡയില്‍ സെന്‍സര്‍ ബോര്‍ഡും പെട്ടു’ എന്ന് കുറിച്ചുകൊണ്ടാണ് സെന്‍സറിങ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ആഗസ്റ്റ് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ടി കെ രാജീവ് കുമാര്‍ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ കാശ്മീരി സ്വദേശി ശെയ്ലീയാണ് നായിക. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം.