സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയജീവിതം തുടരുന്ന മമ്മൂട്ടി നമുക്കെന്നും ഒരു വിസ്മയമാണ്. സിനിമയിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹം ഒരു ട്രെയിന്‍ഡ് ആക്ടറാണെന്നത് അവിശ്വസനീയമായ കാര്യംതന്നെ. പല വേഷപ്പകര്‍ച്ചകളും ഭാഷാശൈലിയും കൊണ്ട് പ്രേക്ഷകരെ ഇന്നും അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്ന മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി മാറ്റിയ 10 മലയാള സിനിമകള്‍ പരിശോധിക്കാം.
തൃഷ്ണ (1981)
തന്റേതായ ശൈലിയിലും സംവിധായക രീതിയിലും സിനിമകളെടുത്ത് മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ടു നിന്ന സംവിധായകന്‍ ഐ.വി. ശശി 1981 ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് റോസമ്മ ജോര്‍ജ് നിര്‍മ്മിച്ച സിനിമയാണ് തൃഷ്ണ. മമ്മൂട്ടി, രാജലക്ഷ്മി, സ്വപ്ന, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ധനികകുടുംബത്തിലെ സ്വഭാവദൂഷ്യക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. വെള്ളിത്തിരയില്‍ ദാസ് എന്ന മുഖ്യകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ആവനാഴി (1986)
ടി. ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആവനാഴി. 1986 ലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, ഗീത, സീമ, സുകുമാരന്‍, പറവൂര്‍ ഭരതന്‍, കുഞ്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തിയത്. മുഖ്യകഥാപാത്രമായ ഇന്‍സ്പെക്റ്റര്‍ ബലറാമിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഐ. വി ശശി തന്നെ സംവിധാനം ചെയ്ത 1991 ലെ ഇന്‍സ്പെക്റ്റര്‍ ബലറാമും 2006ലെ ബല്‍രാം ്/s താരാദാസും ഈ ചിത്രത്തിന്റെ ബാക്കിപത്രങ്ങളാണ. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ആവനാഴി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി (1987)
ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ന്യൂഡല്‍ഹി. മമ്മൂട്ടി ജി. കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സുമലത, ഉര്‍വ്വശി, സുരേഷ് ഗോപി, സിദ്ദിഖ്, തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്. വാണിജ്യപരമായി വന്‍ വിജയം നേടിയ ചിത്രമായിരുന്നു ന്യൂഡല്‍ഹി.
അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്‌കൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതിനെത്തുടര്‍ന്ന് തടവിലാക്കപ്പെടുന്ന ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവുമായിരുന്നു ഈ സിനിമ.
ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)
കാലമെത്ര കഴിഞ്ഞാലും മമ്മൂട്ടിയുടെ സിബിഐ വേഷത്തെ ആരും അങ്ങനെ മറന്നുപോകാന്‍ വഴിയില്ല. ഈ സിനിമയെന്നല്ല, സിബിഐ പരമ്പര ചിത്രങ്ങളില്‍ ഓരോന്നും മലയാളികള്‍ ഇന്നും ആവേശത്തോടെ കാണുന്ന സിനിമകളാണ്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച സിനിമയില്‍ ജഞ്ാനിയായ സേതുരാമയ്യരായി മമ്മൂട്ടി പ്രേക്ഷകരെ ഹരംകൊള്ളിച്ചു. അദ്ദേഹം അഭിനയിച്ച കുറ്റാന്വേഷണ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. 1989ല്‍ പുറത്തിറങ്ങിയ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സി.ബി.ഐ., തൊട്ടടുത്ത വര്‍ഷമിറങ്ങിയ നേരറിയാന്‍ സി.ബി.ഐ. ഇപ്പോള്‍ അണിയറയിലൊരുങ്ങുന്ന സിബിഐ 5 ദ ബ്രെയിന്‍ എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് സിനിമകള്‍.
ഒരു വടക്കന്‍ വീരഗാഥ (1989)
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി. തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയില്‍ ചന്തു ചേകവരായെത്തിയ മമ്മൂട്ടി ലോകമൊട്ടാകെയുള്ള മലയാള സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയായിരുന്നു. 1989ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചലച്ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മികച്ച പ്രദര്‍ശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെതന്നെ വലിയ ഹിറ്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വടക്കന്‍പാട്ട് അടിസ്ഥാനമാക്കി ഒരുപാട് ആവിഷ്‌കരണങ്ങളെത്തിയെങ്കിലും എം.ടിയുടെ ഭാവനയിലെ ചന്തുവിനെ ഗംഭീരമാക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
മതിലുകള്‍ (1990)
വെക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ 1989ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മതിലുകള്‍. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറിനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ചെയ്യുന്ന ബഷീര്‍ തികച്ചും അവിചാരിതമായി മതിലിനപ്പുറത്തെ പെണ്‍ജയിലിലെ തടവുകാരിയായ നാരായണിയുമായി ചങ്ങാത്തത്തിലാവുന്നു. പിന്നീട് പ്രണയിതാക്കളായി മാറുന്ന ഇരുവരുടേയും ഹൃദ്യവും രസകരവുമായ സംഭാഷണങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയമേറിയതാണ്.
പരസ്പരം തമ്മില്‍ കാണാതെ പ്രണയിതാക്കളായി മാറുന്ന ബഷീറും നാരായണിയും പ്രേക്ഷകരുടെ മനസ്സിലെ നോവായി മാറുന്നത് അപ്രതീക്ഷിതമായി ബഷീര്‍ ജയില്‍വിമോചിതനാവുന്ന സിനിമയുടെ ക്ലൈമാക്‌സ് സീനിലാണ്. ചിത്രത്തില്‍ മതിലിനപ്പുറത്തെ നാരായണിയായി ശബ്ദത്തിലൂടെ മാത്രം സാന്നിധ്യമറിയിച്ച കെപിഎസി ലളിത ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കാമുകിയായി മായാതെ നില്‍ക്കുന്നുണ്ട.
1990ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയ മതിലുകള്‍ മികച്ച അഭിനയം, സംവിധാനം എന്നിവയുള്‍പ്പെടെ ആ വര്‍ഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടി.
വിധേയന്‍ (1994)
സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിധേയന്‍. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം കേരള സര്‍ക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി 1994ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിനും അര്‍ഹനായി.
ഡോ. ബാബാസാഹെബ് അംബേദ്കര്‍ (2000)
മമ്മൂട്ടി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ചവെച്ച മറ്റൊരു ചിത്രമാണ് ഡോ. ബാബാസാഹെബ് അംബേദ്കര്‍. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ഇന്ത്യന്‍ ഫീച്ചര്‍ ഫിലിമാണ് ഈ സിനിമ. അംബേദ്കറായി അഭിനയിച്ച മമ്മൂട്ടിയുടെ, സിനിമയിലെ അസാധ്യ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. രൂപത്തിലും വേഷത്തിലും മാത്രമല്ല, സിനിമയിലുടനീളം അദ്ദേഹത്തെ അംബേകറായി കാണപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
രാജമാണിക്യം (2005)
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സായി കുമാര്‍, മനോജ് കെ. ജയന്‍, പത്മപ്രിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് രാജമാണിക്യം. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജ് വലിയവീട്ടില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.
വ്യത്യസ്തമായ രൂപത്തില്‍ ബെല്ലാരിരാജയുടെ പ്രത്യേക സംസാരശൈലിയുമായെത്തിയ ഈ മമ്മൂട്ടിചിത്രം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു.
ഭീഷ്മ പര്‍വ്വം (2022)
വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സംവിധായകര്‍ക്കൊപ്പവും സിനിമ ചെയ്യുന്ന മമ്മൂട്ടി പ്രേക്ഷകരെ കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് ഏറ്റവും അടുത്തിറങ്ങിയ മമ്മൂട്ടി ചിത്രം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം മലയാളത്തില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.
തിയേറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യമായി റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞിരിക്കുകയാണ്.
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമികവ് അടയാളപ്പെടുത്തുന്ന മറ്റനേകം സിനിമകള്‍ മലയാളത്തിലുണ്ട്. സുകൃതം, അമരം, തനിയാവര്‍ത്തനം, ദ കിങ്, മൃഗയ, 1921, ധ്രുവം, യവനിക, ജാഗ്രത, ഭൂതക്കണ്ണാടി, വല്യേട്ടന്‍, കാഴ്ച, പാലേരി മാണിക്യം, പഴശ്ശിരാജ എന്നിവ അതിലുള്‍പ്പെടുന്നു.
Read more
മലയാളത്തിനു പുറമെ ഇതരഭാഷകളിലും ഒട്ടനവധി മികവുറ്റ കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കി തീര്‍ത്തിട്ടുണ്ട്. തന്റെ അഭിനയയാത്രയെക്കുറിച്ചുള്ള ഒരു ചോദ്യത്തോട് അദ്ദേഹം ഈയിടെ പ്രതികരിച്ചത് ‘സിനിമകളോട് തനിക്ക് ആര്‍ത്തിയാണ’് എന്നായിരുന്നു. സിനിമയും മമ്മൂട്ടിയും അത്രമേല്‍ ഇഴകിച്ചേര്‍ന്നതു കൊണ്ടുതന്നെയാകാം എണ്ണമറ്റ ഒരുപാട് അനശ്വര കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി അത്ഭുതപ്പെടുത്തും വിധം അരങ്ങുതകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്. കാലം മാറുമ്പോഴും അതിനനുസരിച്ച് സിനിമയക്കുവേണ്ടി നിരന്തരം സ്വയം നവീകരിക്കുന്ന മറ്റൊരു നടന്‍ മലയാളസിനിമയിലുണ്ടോ എന്ന് സംശയമാണ്.