സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ടു ദുരന്തം, അതിലൊന്ന് മോദിയെ കണ്ടത്; മോഹന്‍ലാലിന് മനസ്സിലായി ആരോഗ്യത്തിന് നല്ലത് സ്വന്തം തട്ടകത്തിൽ നിൽക്കുന്നതാണെന്ന്’: ടി.ജെ.എസ് ജോര്‍ജ് പറയുന്നു

സുരേഷ് ഗോപിക്ക്  സംഭവിച്ച ദുരന്തങ്ങളിലൊന്ന് നരേന്ദ്രമോദിയെ കണ്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. പുതിയ ലക്കം മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് തന്റെ അഭിപ്രായം പറയുന്നത്.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍: ”നല്ലവനായ സുരേഷ് ഗോപിക്ക് രണ്ടു ദുരന്തമാണ് സംഭവിച്ചത്. ഒന്ന്, ഘോരഘോരം ഡയലോഗടിച്ച് ആരെയും വിറപ്പിക്കാന്‍ അദ്ദേഹത്തിനുള്ള ആസക്തി കണ്ട് ലോകം അന്ധാളിച്ചു. രണ്ട്, പണ്ടൊരിക്കല്‍ നരേന്ദ്രമോദി എന്ന പുംഗവനെ കണ്ടതു മുതല്‍ താന്‍ ഡല്‍ഹിയില്‍ മന്ത്രിയാകും, ആകണം എന്ന് സുരേഷ് ഗോപി തീരുമാനിച്ചു.

ലോകത്തിന് ഒരു ആനുകൂല്യം ചെയ്യുന്നു എന്ന മട്ടിലാണ് ബി.ജെ.പി സുരേഷ് ഗോപിയെ ഗോദയിലിറക്കിയത്. താരസാമ്രാട്ട് ഇറങ്ങിയാല്‍ എതിരാളികള്‍ പമ്പ കടക്കും എന്ന് എതിരാളികള്‍ പോലും വിശ്വസിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. അങ്ങനെ സുരേഷ് ഗോപി തൃശൂര്‍ എന്ന യുദ്ധഭൂമിയിലിറങ്ങി. അര്‍ജുനന്റെ പുറകില്‍ ശ്രീകൃഷ്ണനെന്നപോലെ സുരേഷ് ഗോപിക്കു താങ്ങായി കാര്യവാഹക്മാര്‍ അണിനിരന്നു. തന്റേതായ ഭാഷയില്‍, സിനിമ സമ്മാനിക്കുന്ന സ്വാതന്ത്ര്യലഹരിയില്‍ അദ്ദേഹം ആജ്ഞാപിച്ചു: ”തൃശൂര്‍ ഇങ്ങെടുക്കണം.”

മറ്റാര്‍ക്കും ലഭ്യമാകാത്ത മലയാളമാണ് തൃശൂര്‍ക്കാരുടെ മലയാളം. അത് അവരുടെ സ്വത്താണ്, അവരുടെ മാത്രം. ”ഇങ്ങെടുക്കാനും” മറ്റും അവരുടെ തൃശൂരിനെ കിട്ടുകയില്ല. ികഴിഞ്ഞപ്പോള്‍ ഡയലോഗ് ഗോപിക്ക് അതു മനസ്സിലായി.

മലയാളിയുടെ സ്വഭാവം നേരത്തെ മനസ്സിലാക്കിയ ആളാണ് മോഹന്‍ലാല്‍. പുള്ളിക്കാരനും ഒരു കാലത്ത് അല്പം രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായിരുന്നു. ചായിവ് കാര്യവാഹക്മാരുടെ വശത്തേക്കായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, ഒന്നും നടന്നില്ല. സ്വന്തം മാനം നോക്കി സ്വന്തം തട്ടകത്തില്‍ നില്‍ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് ബുദ്ധിമാനായ മോഹന്‍ലാലിനു തോന്നി. അതുകൊണ്ട് താരമൂല്യത്തിനു കേടൊന്നും വരാതെ ‘ലാലേട്ടന്‍’ എന്ന, സ്നേഹവും ബഹുമാനവും തുല്യ അളവില്‍ ചേര്‍ത്ത വിളിയില്‍ ആനന്ദം കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ സ്നേഹവും ബഹുമാനവുമാണ് ഒരു പാര്‍ട്ടിയുടെ വക്താവായി മാറിയ സുരേഷ് ഗോപിക്കു നഷ്ടമായത്. മോഹിച്ച സ്ഥാനമാനങ്ങള്‍ കിട്ടിയുമില്ല. ഡബിള്‍ നഷ്ടം.

രാഷ്ട്രീയ നേതാവായി അംഗീകരിക്കപ്പെടാന്‍ വെമ്പുന്ന ഒരാള്‍ക്ക് പൊതുരംഗത്ത് ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളെ കുറിച്ച് കാര്യമായ ശ്രദ്ധയൊന്നുമില്ല. ഒരിക്കല്‍ പറഞ്ഞു ഈ സ്ഥാനാര്‍ത്ഥികളൊക്കെ മലിനമാണെന്ന്. ഇയ്യിടെ ഒരു തകര്‍പ്പന്‍ ഡയലോഗടിച്ചു: ”ഈ സര്‍ക്കാരിനെ ഒതുക്കിയേ മതിയാകൂ. കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം.”
പാവം ഗോപി. പല വഴികള്‍ നോക്കിയിട്ടും വേണ്ടതു കിട്ടുന്നില്ല. കമാന്‍ഡൊ ആയിട്ടും പൊലീസ് ഓഫീസറായിട്ടും പത്രപ്രവര്‍ത്തകനായിട്ടും മറ്റും എത്ര യുദ്ധങ്ങള്‍ വെള്ളിത്തിരയില്‍ പയറ്റി ജയിച്ചയാളാണ്. ആദ്യകാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെ സ്നേഹിച്ചതാണ്. അച്യുതാനന്ദനു വേണ്ടി 2011-ല്‍ പ്രചാരണത്തിനിറങ്ങി.

Read more

ഇപ്പോളിതാ പുതിയ ചട്ടം. എന്തെങ്കിലും ആവശ്യത്തിന് തന്നെ കാണാന്‍ വരുന്നവര്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ശിപാര്‍ശ കത്തുമായി വരണമെന്നാണ് പുതിയ തീട്ടൂരം. പദവിയൊന്നുമില്ലാത്ത സമയത്ത് ഇതാണ് നിയമമെങ്കില്‍, വല്ല കസേരയും കിട്ടിയാല്‍ എന്തായിരിക്കും പുകില്?”