ഒരു യഥാർത്ഥ സിനിമാ പ്രേമിക്ക് ഭാഷ ഒരു തടസ്സമാകരുത് എന്നാണ്. ഭാഷ ഏതായാലും ആധികാരികവും ഹൃദയസ്പർശിയുമായ കഥകൾ കാണാനായിരിക്കും ആളുകൾക്ക് കൂടുതൽ ഇഷ്ടം. മലയാളികളെ സംബന്ധിച്ചെടുത്തോളം 2010-നുശേഷമാണ് കന്നഡ സിനിമകളിലേക്ക് കണ്ണോടിച്ചു തുടങ്ങിയതെന്ന് പറയാം. പഴയകാലത്ത് മലയാളികൾ കന്നഡ സിനിമയിലേക്കൊന്നും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാൽ 2010-ന് ശേഷമുള്ള OTT പ്ലാറ്റ്ഫോമുകളുടെ വരവോടെ, വിവിധ ഭാഷകളിലുമുള്ള സിനിമകൾ സൗകര്യപ്രദമായി കാണാൻ കഴിയുന്നതായതോടെ കന്നഡ സിനിമക്കും മലയാളികൾക്കിടയിൽ പ്രശസ്തിയായി. നന്നായി നിർമ്മിച്ച നിരവധി കന്നഡ സിനിമകളുണ്ട്. ഇതിൽ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമകളും ഉണ്ട്. അത്തരത്തിൽ നോക്കുകയാണെങ്കിൽ കന്നഡ സിനിമകൾ മലയാളികളെ കാണാൻ പഠിപ്പിച്ച ഷെട്ടി ഗ്യാങ്ങിനെപ്പറ്റിയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.
അത്തരത്തിൽ മലയാളികളെ സിനിമ കാണിക്കാൻ പഠിപ്പിച്ച ഒരു ഷെട്ടി ഗ്യാങ് ഉണ്ട് നമ്മുടെ കന്നഡ സിനിമയിൽ. കന്നഡ സിനിമയുടെ RRR എന്ന് നമുക്കവരെ വിശേഷിപ്പിക്കാം. റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി തുടങ്ങിയ ആധുനിക കന്നഡ സംവിധായക-നടന്മാരുടെ കൂട്ടായ്മ. ബാംഗ്ലൂരിൽ മാത്രം കറങ്ങിക്കൊണ്ടിരുന്ന കന്നഡ സിനിമയെ അതിൽ നിന്ന് മോചിപ്പിച്ചവരിൽ പ്രധാനികളാണ് രാജ് ബി. ഷെട്ടി, രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി എന്നിവർ. അതുവരെ കണ്ടുശീലിച്ച സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ മൂന്ന് പേരുടെ സിനിമകളുടെ ട്രീറ്റ്മെന്റ്. റിയൽ സ്റ്റാർ, ചലഞ്ചിങ് സ്റ്റാർ, റോക്കിങ് സ്റ്റാർ, ക്രേസി സ്റ്റാർ തുടങ്ങിയ താരങ്ങളെ മാറ്റിനിർത്തി മികച്ച കണ്ടന്റുള്ള സിനിമകളാണ് മൂവരും സാൻഡൽവുഡിന് സമ്മാനിച്ചത്. ഇവരുടെ സിനിമകളുടെ നിലവാരം, തികഞ്ഞ ഡെഡിക്കേഷൻ, ലളിതമായ സ്റ്റോറിടെല്ലിംഗ് എല്ലാം മലയാളികൾ മനസ്സിലാക്കി സ്വീകരിച്ചു. കന്നഡ ഇൻഡസ്ട്രിയിൽ ഷെട്ടി ഗ്യാങ് എന്ന വിളിപ്പേരും ഇവർക്ക് ലഭിച്ചു. ദക്ഷിണ കർണാടകയിലെ പ്രധാന സ്ഥലങ്ങളായ മംഗലാപുരം, ഉഡുപ്പി, ഹൊസൂർ എന്നിവിടങ്ങളിലെ സംസ്കാരവും ജീവിതരീതിയും അവിടുത്തെ കഥകളുമാണ് ഷെട്ടി ഗ്യാങ്ങിൻ്റെ സിനിമകളിൽ കാണാൻ സാധിക്കുന്നത്. മൂന്നുപേരിൽ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് രാജ് ബി. ഷെട്ടിയാണെങ്കിലും പിന്നാലെയെത്തിയ റിഷബ് ഷെട്ടിയും ഇൻഡസ്ട്രിയെ ഞെട്ടിച്ചു.
അതുവരെ ക്യാമറക്ക് മുന്നിൽ ചെറിയ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന റിഷബ് 2019ലാണ് നായകനായി അരങ്ങേറിയത്. ബെൽ ബോട്ടം എന്ന ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. രാജ് ബി. ഷെട്ടി സംവിധാനം ചെയ്ത ഗരുഡ ഗമന വൃഷഭവാഹനയിലും ശക്തമായ കഥാപാത്രത്തെ റിഷബ് അവതരിപ്പിച്ചു. പിന്നീട് തന്റെ ജീവിതത്തിന്റെ വലിയൊരു സമയം ഒരൊറ്റ സിനിമക്ക് വേണ്ടി മാറ്റിവെക്കുന്ന റിഷബിനെയാണ് ഇന്ത്യൻ സിനിമ കണ്ടത്.
പ്രേമം എന്ന മലയാളസിനിമയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കിറിക് പാർട്ടി സിനിമാപ്രേമികൾ ആഘോഷമാക്കി മാറ്റി. നാല് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം നേടി ഇൻഡസ്ട്രി ഹിറ്റായി മാറി. തിയേറ്റർ റിലീസില്ലാതിരുന്നിട്ടുകൂടി കേരളത്തിലും ചിത്രം സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറി.
പിന്നീട് 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമായിരുന്നു കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. മലയാളത്തിൽ ഡബ്ബ് ചെയ്തെത്തിയ കാന്താരയെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പല ബിഗ് ബജറ്റ് ചിത്രങ്ങളും പുറത്തിറങ്ങുമ്പോൾ, അത് വിജയിച്ച ഏതെങ്കിലും സിനിമകളുടെ തുടർച്ചയാവുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാക്കുന്നത് വലിയ പ്രതീക്ഷകളാണ്. പക്ഷേ, ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ അവയിൽ പലതിനും സാധിക്കാറുമില്ല. എന്നാൽ കാന്താരയുടെ കാര്യത്തിൽ അങ്ങനെയല്ല. നിലവിൽ കാന്താരയുടെ രണ്ടാം ഭാഗം തിയറ്ററുകളിൽ വിജയകരമായി ഓടുകയാണ്.
ഇനി 2022-ൽ കിരൺരാജ് കെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രക്ഷിത് ഷെട്ടിയുടെ കന്നഡ ചിത്രമാണ് 777 ചാർലി. വേൾഡ് വൈഡായി റിലീസ് ചെയ്ത ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കലർപ്പില്ലാത്ത ആവിഷ്ക്കാരം കൂടിയായിരുന്നു. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് കേരളത്തിലും വമ്പൻ വരവേൽപാണ് ലഭിച്ചത്. ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്തവനുമായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർലി വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും, ഇരുവർക്കും ഇടയിലുള്ള സ്നേഹത്തിന്റെ ആഴവും എല്ലാം പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിക്കാൻ സംവിധായകന് സാധിച്ചിരുന്നു. സമാന പ്രമേയം ഉൾക്കൊള്ളുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ടാകുമെങ്കിലും, ഈ ഇതിവൃത്തത്തിൽ ഒരുക്കിയ ആദ്യ കന്നഡ ചിത്രമാണിത്.
ഇനി കന്നഡ ഇൻഡസ്ട്രിയിലെ മികച്ച നടന്മാരിൽ ഒരാളാണ് രാജ് ബി. ഷെട്ടി. സാൻഡൽവുഡിന്റെ ഗതി മാറ്റിയ നടന്മാരിൽ ഒരാൾ. ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് അതിൽ പ്രധാന വേഷവും ചെയ്തയാളാണ് രാജ് ബി.ഷെട്ടി. ഒണ്ടു മൊട്ടെയെ കഥ എന്ന ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 2021ൽ റിലീസായ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെ കേരളത്തിലും ഇദ്ദേഹത്തിന് ആരാധകരുണ്ടായി. ചിത്രത്തിൻ്റെ സംവിധായകനും രാജ് ബി. ഷെട്ടിയായിരുന്നു. താരത്തിന്റേതായി ഈ അടുത്തിടെ കേരളത്തിലടക്കം സൂപ്പർഹിറ്റ് വിജയം നേടിയ കന്നഡ ചിത്രമായിരുന്നു ‘സു ഫ്രം സോ.’ മലയാളത്തിലടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും നേടിയത്. ഇത്തരത്തിൽ കന്നഡ സിനിമകളെ മലയാളികൾ ചേർത്തുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. പഴമയിൽ നിന്നും പുതിയ കാലത്തിലേക്ക് എത്തുമ്പോൾ ഇനിയും ഈ ഷെട്ടി ഗ്യാങ് മലയാളികളെ അതിശയിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.







