മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ ബ്രഹ്‌മപുരത്ത്

ബ്രഹ്‌മപുരം വിഷപ്പുക ബാധിത മേഖലകളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ സന്ദര്‍ശനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ എത്തുന്നത്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും, ചൊറിച്ചിലും, മറ്റു അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശം രണ്ടാം ദിനവും മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തും. വിഷപ്പുക മൂലം കണ്ണിന് പലതരത്തിലുള്ള അസ്വസ്ഥതകള്‍ വ്യാപകമായ ഈ സാഹചര്യത്തില്‍ നേത്ര ചികിത്സാ ക്യാമ്പ് വഴി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ പറഞ്ഞു.

തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Read more

കണ്ണുകളെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായാണ് രണ്ടാംഘട്ടം നേത്ര പരിശോധന ക്യാമ്പ് ആയി സംഘടിപ്പിക്കുന്നതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു. സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റിന്റെ യാത്ര പാതകളെ കുറിച്ചും സമയത്തെക്കുറിച്ചും അറിയുന്നതിനായി 9207131117 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.