ഓസ്കർ വേദിയിൽ വെച്ച് എം.എം കീരവാണി പറഞ്ഞ ആ കാര്‍പ്പെന്‍റേഴ്സ് ഇവരാണ്…

95മത് ഓസ്കർ വേദിയിൽ വച്ച് ആർ.ആർ.ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ച മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംഗീത സംവിധായകനായ എം. എം കീരവാണി ഒരു ചെറിയ പ്രസംഗം നടത്തിയിരുന്നു. “I grew up listening to the Carpenters and now here I am with the Oscars”. ‘കാര്‍പ്പെന്‍റേഴ്സ് കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇന്ന് ഞാൻ ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു…’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എം എം കീരവാണി പരാമർശിച്ച ആ കാര്‍പ്പെന്‍റേഴ്സ് ആരാണ് എന്നാണ് പലരും പിന്നീട് ഗൂഗിളിൽ തിരഞ്ഞത്.

അമേരിക്കയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഒരു കാലത്ത് വന്‍ തരംഗമുണ്ടാക്കിയ ഒരു പ്രശസ്ത സംഗീത ബാൻഡ് ആണ് കാര്‍പ്പെന്‍റേഴ്സ്.60കളിലും 70കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാൻഡ് ആയ കാര്‍പ്പെന്‍റേഴ്സ്, സഹോദരങ്ങളായ കാരൻ കാർപെന്റർ, ഗായകനും ഗാനരചയിതാവുമായ റിച്ചാർഡ് കാർപെന്റർ എന്നിവർ ചേർന്നാണ് രൂപീകരിച്ചത്. 1968ൽ ഡൗണിയിൽ ആണ് ഈ ബാൻഡ് രൂപം കൊണ്ടത്‌. റിച്ചാർഡിന്റെ വേറിട്ട സംഗീത ക്രമീകരണങ്ങൾ കൊണ്ടും അനിയത്തിയായ കാരന്റെ വേറിട്ട ശബ്ദവും കൊണ്ട് കാര്‍പ്പെന്‍റേഴ്സ് 1970 കളിൽ പ്രശസ്തി നേടുകയായിരുന്നു.

ദി കാര്‍പ്പെന്‍റേഴ്സ് എന്ന പേരിലാണ് ബാൻഡ് അറിയപെട്ടതെങ്കിലും കാര്‍പ്പെന്‍റേഴ്സ് എന്നായിരുന്നു ഇവരുടെ ഔദ്യോഗിക നാമം. സോഫ്റ്റ് മ്യൂസിക്കിന്റെ പുതിയ തലങ്ങൾ കണ്ടുപിടിച്ച ഇവരുടെ ആൽബങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. മാത്രമല്ല, ലോകം മുഴുവൻ ഏറ്റെടുത്ത ഇവരുടെ പാട്ടുകളുടെ 100 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് വിറ്റു പോയത്. ഇന്നും സംഗീത ലോകത്തിന് അത്ഭുതമാണ് കാര്‍പ്പെന്‍റേഴ്സിന്റെ ഗാനങ്ങളും ബാൻഡിന്റെ ഉയർച്ചയും. പതിനാല് വർഷത്തിനിടെ നിരവധി സിംഗിൾസും ടെലിഷൻ സ്പെഷ്യലുകളും ഉൾപ്പെടെ 10 ഓളം ആൽബങ്ങളാണ് ഇവർ റെക്കോർഡ് ചെയ്തത്. ഇവയിൽ മിക്കതും ഹിറ്റായിരുന്നു.

അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ന്യൂ ഹാവെനിലാണ് ഇരുവരും ജനിച്ചത്. 1963ൽ കാലിഫോർണിയയിലെ ഡൗണിയിലേക്ക് താമസം മാറുകയും ചെയ്തു. കുട്ടിക്കാലത്ത് റിച്ചാർഡ് പിയാനോയും കാരൻ ഡ്രംസും പഠിച്ചിട്ടുണ്ട്. 1965ൽ അവർ ആദ്യമായി സുഹൃത്ത് ജേക്കബി​നൊപ്പം ജാസ് കൂടി ഉൾപ്പെടുത്തി ‘റിച്ചാർഡ് കാർപെൻ്റർ ട്രിയോ’ എന്നൊരു ബാൻഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1969-ലാണ് ഇരുവരും കരാർ ഒപ്പിട്ട് കാർപ്പന്റേഴസ് എന്ന പേരിൽ പരിപാടികൾ അവതിരിപ്പിക്കാൻ തുടങ്ങി. 1970കളിൽ ഇരുവരും ചേർന്ന് നിരവധി മ്യൂസിക്ക് കൺസേർട്ടുകൾ നടത്തി തുടർച്ചയായി പര്യടനം നടത്തി. ഇതോടെ ലോകത്തിന്റെ പല ഭാഗത്തുമായി ബാൻഡിന് നിരവധി ആരാധകരും ഉണ്ടായി. കൂടാതെ, ഗ്രാമി അവാർഡുകളും മറ്റ് പുരസ്കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.

Read more

ടിക്കറ്റ് റ്റു റൈഡ്, ടോപ് ഓഫ് ദി വേൾഡ്, യെസ്‌റ്റർഡേ വൺസ്മോർ, റെയിനി ഡേയ്സ് ആൻഡ് മൺഡേ , സൂപ്പർസ്റ്റാർ എന്നിവയും ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലെയുള്ള വിരഹവും പ്രണയവും നിറഞ്ഞു നിൽക്കുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ലോകമെമ്പാടും ആരാധകർ ഉണ്ട്. സ്വന്തം ഗാനങ്ങൾക്ക് പുറമെ ദി ബീറ്റിൽസിന്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ – കോമ്പോസിങ്ങും ഒരുപാട് ശ്രദ്ധ നേടിയിരുന്നു. അനിയത്തിയായ കാരൻ കാർപെന്ററിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് പിന്നീട് ബാൻഡ് ഇല്ലാതാകുന്നത്. 1983 ഫെബ്രുവരിയിൽ ഹൃദയാഘാതം 33കാരിയായ കാരന്റെ ജീവൻ കവരുകയായിരുന്നു. ഇതോടെ ജ്യേഷ്ഠനായ റിച്ചാർഡും സംഗീത ലോകത്തു നിന്ന് വിടവാങ്ങി.