എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നും വൈറലാവാറുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അവസാനമായി അഭിനയിക്കാന്‍ പോകുന്ന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ എത്തിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ ആദ്യ ചിത്രത്തിന്റെ പേര് തന്നെയായിരിക്കും അവസാനത്തേതിനും എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്.
വിജയ് നായകനായി അരങ്ങേറ്റം കുറിച്ചത് ‘നാളൈ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ്. വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരാണ് ദളപതി 69 എന്ന അവസാന ചിത്രത്തിനും നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് നാളൈ തീര്‍പ്പ്.
1992ല്‍ ഈ സിനിമ എത്തിയപ്പോള്‍ ”എലിമൂഞ്ചി പോലെയിരിക്ക് ഇവനുടെ ഫെയ്സ്.. യാര് വന്ത് കാസ് കൊടുത്ത് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്ക പോറാ” എന്ന് വരെ നിരൂപകര്‍ വിജയ്‌ക്കെതിരെ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഹിറ്റ് സിനിമകളിലൂടെ വിജയ് ജനപ്രിയനാവുകയായിരുന്നു. എന്നാല്‍ നാളൈ തീര്‍പ്പ് എന്ന് തന്നെയാകുമോ ദളപതി 69ന്റെ പേര് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ദളപതി 69 എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ബോബി ഡിയോള്‍, ഗൗതം മേനോന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.