ആദ്യ ദിനം ഇന്ത്യയിൽ 72 കോടി രൂപ നേടി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ബോക്‌സോഫീസ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ്റെ പുഷ്പ2. ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 500 കോടി കളക്ഷൻ നേടുന്ന സിനിമയായും ചിത്രം മാറിക്കഴിഞ്ഞു.
റിലീസായി മൂന്ന് ദിവസംകൊണ്ടാണ് ‘പുഷ്പ’ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. ബാഹുബലി, കൽക്കി,സലാർ പോലെയുള്ള തെലുങ്ക് സിനിമകളെ പോലെ പുഷ്പ 2 ഉം കളക്ഷൻ നേടുമോ എന്നത് കണ്ടറിയണം. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങൾ നോക്കാം…
പുഷ്പ 2 : അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ അഭിനയിക്കുന്ന പുഷ്പ2: ദി റൂൾ ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. 2021ൽ പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിൻ്റെ തുടർച്ചയാണിത്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.
ബാഹുബലി 2: പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവർ അഭിനയിച്ച എസ്എസ് രാജമൗലിയുടെ ഇതിഹാസ ചിത്രമാണ് ബാഹുബലി 2. ലോകമെമ്പാടുമായി 1,810 കോടി രൂപ നേടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി ഇന്നും തുടരുന്നു.
RRR: രാജമൗലിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ആർആർആർ. ഓസ്കാർ നേടിയ ചിത്രം ലോകമെമ്പാടും ഏകദേശം 1,387 കോടി രൂപ നേടിയിട്ടുണ്ട്. ഇത് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.
കൽക്കി: 2898 എ.ഡി : പ്രഭാസ് നായകനായ ഈ സയൻസ് ഫിക്ഷൻ ചിത്രം ആഗോളതലത്തിൽ 1100-1200 കോടി രൂപ നേടിയിട്ടുണ്ട്. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമായി കൽക്കി മാറി.
സലാർ : പ്രഭാസ് നായകനായ ആക്ഷൻ ത്രില്ലർ ആഗോളതലത്തിൽ 700 കോടിയിലധികം രൂപയാണ് നേടിയത്. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ദക്ഷിണേന്ത്യൻ ചിത്രവുമായിരുന്നു ഇത്.
പുഷ്പ: അല്ലു അർജുൻ്റെ ആക്ഷൻ ഡ്രാമ ആഗോളതലത്തിൽ ഏകദേശം 360 കോടി രൂപ നേടിയിട്ടുണ്ട്. 2021ൽ പുറത്തിറങ്ങി പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂൾ എത്തിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയിൽ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. പുഷ്പ 2 പുഷ്പയുടെ കണക്കിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേവര: ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ദേവര. 300 കോടി ബജറ്റിൽ ഒരുക്കിയ ദേവര 500 കോടിയോളം കളക്ഷശൻ ആണ് ഇതുവരെ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. . ഇത് നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.ചിത്രത്തിൽ നായികയായി എത്തിയത് ബോളിവുഡ് നടി ജാൻവി കപൂറാണ്.
സാഹോ: ബ്രഹ്‌മാണ്ഡ സിനിമയായ ‘ബാഹുബലി’ക്ക് ശേഷം പ്രഭാസിന്റെതായി റിലീസ് ചെയ്ത സിനിമയായിരുന്നു ‘സാഹോ’. പ്രഭാസും ശ്രദ്ധ കപൂറും അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി ഏകദേശം 445 കോടി രൂപ നേടി. ബാഹുബലിയിലൂടെ പ്രഭാസ് നേടിയ ഹൈപ്പ് ഏറെ വലുതായതിനാൽ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു സിനിമയെത്തിയത് എങ്കിലും സിനിമ അത്ര വിജയം കണ്ടില്ല.