ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന പ്രശസ്ത തെലുഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു നടനെ അസുഖം മൂർച്ഛിച്ചതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അദ്ദേഹത്തിന് വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ചികിത്സ ചെലവുകൾ നടന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് വെങ്കട്ടിന്റെ മകളടക്കമുളള കുടുംബാംഗങ്ങൾ അദ്ദേഹത്തിനായി പരസ്യമായി സഹായം ചോദിച്ച് രംഗത്തെത്തി.
പിന്നാലെ പ്രഭാസിന്റെ പേരിൽ തങ്ങളെ പറ്റിച്ചുവെന്ന് ആരോപിച്ച് ഫിഷ് വെങ്കട്ടിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രഭാസിന്റെ സഹായി എന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതൻ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു മകൾ വെളിപ്പെടുത്തിയത്. തുടർന്ന് പ്രഭാസ് സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വ്യാജ കോളായിരുന്നുവെന്നും അറിയിച്ച് മറ്റൊരു കുടുംബാംഗം രംഗത്തെത്തുകയായിരുന്നു.
Read more
എന്നാൽ ഈ സമയം തന്നെ സിനിമ രാഷ്ട്രീയ രംഗത്തുളള പ്രമുഖരിൽ നിന്നായി ഫിഷ് വെങ്കട്ടിന് സഹായം ലഭിച്ചു. നടനും സംവിധായകനുമായ വിശ്വക് സെൻ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ, മുൻരാജ്യസഭാംഗം മോപിദേവി വെങ്കട രമണറാവു എന്നിവരാണ് നടന് സാമ്പത്തിക സഹായം നൽകിയത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് ഫിഷ് വെങ്കട്ട് അഭിനയരംഗത്ത് എത്തിയത്. പിന്നീട് നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും നടൻ പ്രേക്ഷകരുടെ ഇഷ്ടം നേടി. ദിൽ, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.