'ഡാം 999' സിനിമയ്ക്ക് വീണ്ടും നിരോധനം

“ഡാം 999” സിനിമ വീണ്ടും നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രം 2011-ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം തുടരുന്നത്. സിനിമ റിലീസ് ചെയ്തതു മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. സുപ്രീം കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മാത്രം അനുവാദം നല്‍കിയിരുന്നില്ല. നിരോധനത്തിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് അതു പുതുക്കി കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചിത്രമായതിനാല്‍ ചലച്ചിത്രത്തിലെ രംഗങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി നിറയ്ക്കുമെന്നും അതിനാല്‍ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസിംഗ് തടയണമെന്നും ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ആര്‍ ബാലു 2011 നവംബര്‍ 23-ന് ലോക്സഭയില്‍ ആവശ്യമുന്നയിച്ചു. മലയാളികളും തമിഴരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന കാരണത്താല്‍ നവംബര്‍ 24-ന് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.

ഒട്ടനവധി അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ ചിത്രമാണിത്. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് പന്ത്രണ്ട് വിഭാഗങ്ങളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999.