'മലയാള സിനിമ തകര്‍ച്ചയുടെ വക്കില്‍, ഹിറ്റുകള്‍ എന്ന് ഊതിപെരുപ്പിച്ച് കാണിക്കുന്നതാണ്'; വിമര്‍ശിച്ച് തമിഴ് പിആര്‍ഒ, വിവാദം

മലയാള സിനിമ 2024ല്‍ വീണ്ടും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഫെബ്രുവരിയില്‍ ഇതുവരെ റിലീസ് ചെയ്ത നാല് സിനിമകളും സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ‘ഭ്രമയുഗം’, ‘പ്രേമലു’ എന്നീ സിനിമകള്‍ കേരളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും എത്തി വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്.

ഇതിനിടെ മലയാള സിനിമകള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് പിആര്‍ഓയുടെ വാക്കുകളാണ് വിവാദമാവുകയാണ്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പില്‍ വലിയ കാര്യമില്ല എന്നാണ് തമിഴിലെ പ്രമുഖ പിആര്‍ഒയും ട്രേഡ് അനലിസ്റ്റുമായ കാര്‍ത്തിക് രവിവര്‍മയുടെ എക്‌സ് പോസ്റ്റ്.

മലയാള സിനിമാ മേഖല തകര്‍ച്ചയുടെ വക്കിലാണ്. പലതും ഊതിപ്പെരുപ്പിച്ച് പറയുന്നതാണ് എന്നാണ് കാര്‍ത്തിക് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നാലെണ്ണം മാത്രമാണ് ഹിറ്റ് ആയത് എന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ട്വീറ്റ് വൈറലായതോടെ കാര്‍ത്തിക്കിനെ വിമര്‍ശിച്ച് മലയാളികള്‍ മാത്രമല്ല, തമിഴ് പ്രേക്ഷകരും രംഗത്തെത്തുന്നുണ്ട്. 2023ല്‍ റിലീസ് ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമല്ലെങ്കിലും കണ്ടന്റിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് എന്നാണ് തമിഴ് പ്രേക്ഷകര്‍ അടക്കം പറയുന്നത്.

മലയാളം ഇന്‍ഡസ്ട്രി ഇന്ത്യയില്‍ തന്നെ ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് അനാവശ്യമായിരുന്നു എന്നും പലരും വിമര്‍ശിക്കുന്നുമുണ്ട്. അതേസമയം, 2023ല്‍ തിയേറ്ററില്‍ ഹിറ്റുകള്‍ കുറവായിരുന്നെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സിനിമകള്‍ ചര്‍ച്ചയായിരുന്നു.