അശ്ലീലഭാഷയില്‍ സംസാരിച്ചു, നടുറോഡില്‍ കാറിന്റെ ഡോര്‍ തുറന്ന് എന്നെ തള്ളിയിറക്കി; പരാതിയുമായി നടി, യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പ്രശസ്ത ബംഗാളി നടി സ്വാസ്തിക ദത്തയ്ക്ക് യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം വലിയ വാര്‍ത്തയായിരുന്നു. ഡ്രൈവര്‍ തന്നെ കാറില്‍ നിന്ന് ബലമായി നടുറോഡില്‍ ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ നടിയോട് മോശമായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വാസ്തികയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ചാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്. ഷൂട്ടിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോകാനാന്‍ താരം യൂബര്‍ ടാക്സി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഡ്രൈവര്‍ പാതിവഴിയില്‍ വണ്ടി നിര്‍ത്തുകയും ബലം പ്രയോഗിച്ച് വണ്ടിയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്.

‘നടുറോഡില്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസ്സമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പുറപ്പെട്ടു. അശ്ലീല ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. പിന്നീട് ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കുകയായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി സ്വന്തം സുഹൃത്തുക്കളെ വരെ വിളിച്ചു വരുത്തുകയായിരുന്നു.’ സ്വാസ്തിക കുറിച്ചു.