ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോക്‌സഭാ വോട്ടെടുപ്പ് ദിനത്തില്‍ തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുഭാഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ അപരന്‍ എന്ന പേരിലായിരുന്നു സുഭാഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ അത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, താരത്തിന്റെ സഹോദരനാണ്.

സുരേഷ് ഗോപിയോട് ഏറെ രൂപസാദൃശ്യമുള്ള സഹോദരന്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയര്‍ സ്‌റ്റൈലില്‍ അടക്കമുള്ള ചില ചെറിയ വ്യത്യാസങ്ങളാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്.

സിനിമാ പിആര്‍ഒ ആയ മഞ്ജു ഗോപിനാഥ് ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ”തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയന്‍ സുഭാഷ് ഗോപിയും കുടുംബവും” എന്ന തലക്കെട്ടോടെയാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.

സുരേഷ് ഗോപിയുടെ ഏറ്റവും ഇള സഹോദരനാണ് സുഭാഷ് ഗോപി. കൊല്ലം സ്വദേശികളായ ഗോപിനാഥന്‍ പിള്ള-ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സനില്‍ ഗോപി, സുനില്‍ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങളും കൂടി സുരേഷ് ഗോപിക്കുണ്ട്.