എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ പിറക്കുന്നത് രാത്രികളില്‍; ഒപ്പം പാടിയ 99 ശതമാനം ഗാനങ്ങളും സൂപ്പര്‍ഹിറ്റായി; അതിലൊരു ടെക്‌നിക്ക് ഉണ്ട്; വെളിപ്പെടുത്തി ഉണ്ണി മേനോന്‍

തനിക്ക് ഇതുവരെ മലയാളത്തില്‍ നിന്നും പുരസ്‌കാരം ഒന്നും കിട്ടിയിട്ടില്ലന്നും അതില്‍ ദുഃഖമൊന്നുമില്ലെന്നും ഉണ്ണി മേനോന്‍. മിന്‍സാരക്കനവ്, വരുഷമെല്ലാം വസന്തം എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രണ്ടുതവണ തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. കലൈമാമണി പുരസ്‌കാരവും കിട്ടി. മലയാളത്തില്‍ പുരസ്‌കാരം കിട്ടിയിട്ടില്ല. . അവാര്‍ഡിന് പരിഗണിക്കാവുന്ന പാട്ടുകള്‍ ഞാന്‍ മലയാളത്തില്‍ പാടിയിട്ടുണ്ടോ? ഒരുപക്ഷെ, ഇനി പാടുമായിരിക്കുമെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

റഹ്മാന് വേണ്ടി മാത്രം ഞാന്‍ സൂഫി സംഗീതം പാടിയിട്ടുണ്ട്. അദ്ദേഹം അത് പുറത്തുവിടില്ല. ഒരിക്കല്‍ അതിന്റെ കോപ്പി ചോദിച്ചു. അദ്ദേഹം തന്നില്ല. അത് തനിക്ക് മാത്രം കേള്‍ക്കാനാണെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തില്‍ അതുണ്ടാകും. ഒരു മെയില്‍ അയച്ചാല്‍ ഉടന്‍ മറുപടിയുണ്ടാകും. ഗായകര്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും അദ്ദേഹം വെക്കാറില്ല. ഒരു പ്രശ്‌നം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും റെക്കോഡ് ചെയ്യുന്നത് അര്‍ധരാത്രിയാണ്.

അര്‍ധരാത്രി പോയി പുലര്‍ച്ച മൂന്നിനും നാലിനും ഒക്കെയാണ് തിരിച്ചുവരുന്നത്. എല്ലാ പാട്ടും അങ്ങനെയായിരുന്നു. ആദ്യമൊക്കെ എനിക്കത് ബുദ്ധിമുട്ടായിരുന്നു. പത്തുമണിക്ക് കിടന്നുറങ്ങുന്നതായിരുന്നു എന്റെ ശീലം. അര്‍ധരാത്രി ഒരു ശല്യവുമുണ്ടാകില്ല എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹം രണ്ടുമൂന്ന് മാസങ്ങള്‍ക്കുമുമ്പ് വിളിച്ചിരുന്നു. പക്ഷെ, ഞാന്‍ വിദേശത്തായിരുന്നതിനാല്‍ പോകാന്‍ പറ്റിയില്ലന്നും ഉണ്ണി മേനോന്‍ പറഞ്ഞു.

എ.ആര്‍. റഹ്മാന്‍ മിതഭാഷിയാണ്. സംഗീതത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കാറില്ല. ‘എന്റെ സംഗീതം സംസാരിച്ചുകൊള്ളും. ഞാന്‍ സംസാരിക്കേണ്ട കാര്യമില്ല’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നല്ല ഒരു മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. അത് എന്റെ അനുഭവമാണ്. ഞാന്‍ അദ്ദേഹത്തിന്റെ 27 പാട്ടുകള്‍ പാടിയെങ്കിലും 27 വാചകംപോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിത്വം. 1992ല്‍ ചെയ്ത ‘റോജ’യിലെ പാട്ടുകള്‍ ഇപ്പോള്‍ കേട്ടുനോക്കൂ. ഇപ്പോഴിറങ്ങിയ പാട്ടിന്റെ ഫീല്‍ കിട്ടും. അദ്ദേഹത്തിന്റെ കഴിവാണത്. ‘കണ്ണുക്ക് മെയ്യഴക്’, ‘വീരപാണ്ടിക്കോട്ടയിലെ’ എന്നുവേണ്ട അദ്ദേഹത്തോടൊപ്പം ചെയ്ത 99 ശതമാനം പാട്ടുകളും ഹിറ്റായിരുന്നുവെന്നും ഉണ്ണി മേനോന്‍ പറഞ്ഞു.