കണ്ടു കഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ കണ്ണു നിറയുന്ന, മനസ്സില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്; ശുഭരാത്രിയെ കുറിച്ച് ദിലീപ്

ശുഭരാത്രി മനുഷ്യന് മനസ്സിലാവുന്ന കഥയാണെന്ന് നടന്‍ ദിലീപ്. നടന്ന സംഭവം എന്ന് കേട്ടപ്പോള്‍ തനിക്ക് ഒരു കൗതുകം തോന്നിയെന്നും സത്യസന്ധമായ രീതിയിലേ ഈ സിനിമയെ സമീപിക്കാന്‍ പാടുള്ളുവെന്ന് തീരുമാനിച്ചിരുന്നെന്നും ദിലീപ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ആരാണ് ഈ സിനിമ ചെയ്യുന്നത്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നെല്ലാം വ്യാസന്റെയടുത്ത് ചോദിച്ചിരുന്നെങ്കിലും ഈയടുത്ത കാലത്താണ് ഒരു തീരുമാനമുണ്ടാവുന്നത്. കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. മനുഷ്യന് മനസ്സിലാവുന്ന ഒരു കഥയാണിത്. സ്നേഹമുള്ളിടത്താണ് കണ്ണീരുണ്ടാവുക, ചിരിയുണ്ടാവുക. സത്യസന്ധമായ രീതിയിലേ ഈ സിനിമയെ സമീപിക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ എന്റെ കഥാപാത്രമായാണ് ഞാന്‍ വരുന്നത്. അല്ലാതെ ഇതൊരു ദിലീപ് സിനിമ എന്നുള്ള രീതിയിലല്ല. അതുകൊണ്ട് റിയലിസ്റ്റിക് അപ്രോച്ച് മതി എന്നു പറഞ്ഞിട്ടാണ് ഈ സിനിമയിലേക്ക് വരുന്നത്. കണ്ടുകഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ കണ്ണു നിറയുന്ന, മനസ്സില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ദിലീപ് പറഞ്ഞു.

ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. കൃഷ്ണന്‍ എന്നാണ് ശുഭരാത്രിയിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്നമായി.

കാര്യം കൈവിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു.തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രത്യേക സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നത്. അമ്പലത്തില്‍ വെച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി”യില്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

ദിലീപിന്റെ ആകാംക്ഷയുണര്‍ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ട്രെയിലറിലുള്ളത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.